വിസ കാലാവധി കഴിഞ്ഞവർക്കുള്ള സേവനങ്ങൾ ദുബായ് എയർപോർട്ടിലെ ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റി

UAE

മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന, എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു. ഇത്തരക്കാർ സാധുതയുള്ള പാസ്പോർട്ട്, യാത്ര രേഖകൾ എന്നിവയുമായി ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് എത്തേണ്ടതാണെന്ന് അധികൃതർ ജൂലൈ 1-നു അറിയിച്ചിട്ടുണ്ട്.

മാർച്ച് 1-നു മുൻപ് വിസകലവധി തീർന്ന, എന്നാൽ യു എ ഇയിൽ നിന്ന് മടങ്ങാൻ സന്നദ്ധരായ സന്ദർശകർക്ക്, ഓഗസ്റ്റ് 18 വരെ പിഴകൂടാതെ രാജ്യത്ത് നിന്ന് തിരികെപോകുന്നതിനു നേരത്തെ അധികൃതർ അനുവാദം നൽകിയിരുന്നു. ഇപ്രകാരം വിസ കാലാവധി അവസാനിച്ച സന്ദർശകരുമായി ബന്ധപ്പെട്ട വിരലടയാള പരിശോധന ഉൾപ്പടെയുള്ള നടപടികൾ ഇതുവരെ അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ നിന്നാണ് നൽകിയിരുന്നത്.

എന്നാൽ ഈ സേവനങ്ങൾക്കായി സ്റ്റേഷനിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്ത്, ഇത്തരം സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയാണെന്ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അദീതി അറിയിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സന്ദർശകർക്കും സേവനങ്ങൾക്കായി, ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിനെ സമീപിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാസ്പോർട്ട്, കാലാവധി അവസാനിച്ച വിസയുടെ കോപ്പി, വിമാന ടിക്കറ്റിന്റെ കോപ്പി എന്നിവ ഈ സേവനങ്ങൾക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.