യു എ ഇ: ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡ് ഉദ്‌ഘാടനം ചെയ്തു

featured UAE

ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡിന്റെ ആദ്യ ഘട്ടം മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഉദ്‌ഘാടനം ചെയ്തു. മലീഹ റോഡ് – ഷെയ്ഖ് ഖലീഫ സ്ട്രീറ്റ്, E99 റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള വികസന പദ്ധതിയുടെ ഭാഗമായാണ് ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡ് നിർമ്മിക്കുന്നത്.

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വേളയിലാണ് ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡിന്റെ ആദ്യ ഘട്ടം ഉദ്‌ഘാടനം നിർവഹിച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM

കിഴക്കൻ തീരദേശ മേഖലയുടെ സാമ്പത്തികനില മികച്ചതാക്കുന്നതിൽ ഈ പദ്ധതി വലിയ പങ്ക് വഹിക്കുമെന്ന് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ വകുപ്പ് മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂഇ അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ വിവിധ തരത്തിലുള്ള ചെറുതും, വലുതുമായിട്ടുള്ള നിരവധി വ്യവസായങ്ങൾക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Source: WAM

കിഴക്കൻ തീരദേശ മേഖലയുടെ വികസനം മുൻനിർത്തി മന്ത്രാലയം നിർമ്മിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ 10 കിലോമീറ്റർ നീളമുള്ള പാതയാണ് ഒരുക്കുന്നത്. നഗരത്തിലെ തിരക്ക് ഒഴിവാക്കിക്കൊണ്ട്, ചെറു വാഹനങ്ങൾ, ട്രക്കുകൾ മുതലായവയ്ക്ക് എളുപ്പത്തിൽ സഞ്ചരിക്കുന്നതിന് ഈ പുതിയ പാത സഹായകമാണ്.

നഗരത്തിന് പുറത്തുള്ള റൌണ്ട്എബൌട്ട് അൽ ഹയവാ മുതൽ അൽ ഹാരി വരെയുള്ള യാത്രാ സമയം ഏതാണ്ട് അറുപത് ശതമാനം കുറയ്ക്കുന്നതിന് കാരണമാകുന്നതാണ്. ഇരുവശത്തേക്കും പ്രതിദിനം നാല്പത്തിനായിരത്തോളം വാഹനങ്ങൾ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് ഈ പാത ഒരുക്കുന്നത്.

WAM