മേഖലയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ കാലാവധി അവസാനിക്കുന്നത് വരെ, മസ്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള 3 പ്രധാന ചെക്ക്പോയിന്റുകൾ തുടരുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. മത്ര വിലായത്ത്, ഹമരിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനാണ് ഈ ചെക്ക്പോയിന്റുകൾ ഉപയോഗിക്കുന്നത്. രോഗവ്യാപനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വർദ്ധനവ് കണക്കിലെടുത്താണ് ഈ തീരുമാനം.
ദാർസൈത് ഇന്റർസെക്ഷൻ, ഹമരിയ റൌണ്ട് എബൌട്ട്, ഒമാൻ ഹൗസിനു സമീപം എന്നിവിടങ്ങളിലാണ് ഈ ചെക്ക്പോയിന്റുകൾ സ്ഥിതി ചെയ്യുന്നത്. മസ്കറ്റ് ഗവർണറേറ്റിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 29, വെള്ളിയാഴ്ച്ച മുതൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, മത്ര വിലായത്തിൽ ആരോഗ്യ കാരണങ്ങളാൽ ഏർപ്പെടുത്തിയിട്ടുള്ള ഐസൊലേഷൻ തുടരാൻ തീരുമാനിക്കുകയായിരുന്നു.
മത്ര ഐസൊലേഷനിൽ തുടരുന്നതിനാൽ, ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ടെസ്റ്റിംഗ് പ്രവർത്തനങ്ങൾ അവസാനിക്കുന്നത് വരെ, നിലവിലുള്ള ചെക്ക്പോയിന്റുകൾ തുടരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ ചെക്ക്പോയിന്റുകളിലൂടെ കടന്നു പോകുന്നവർ ഐഡി കാർഡുകൾ, തൊഴിലിടത്തിൽ നിന്നുള്ള യാത്ര സംബന്ധിച്ച രേഖകൾ, ടെനൻസി കോൺട്രാക്ടുകൾ മുതലായവ പരിശോധനകൾക്കായി ഹാജരാകേണ്ടതാണ്.