ഫെബ്രുവരി 11 മുതൽ ഷാർജ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 10-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന പ്രതിരോധ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് ഇത്തരം ഒരു മുൻകരുതൽ നടപടി പോലീസ് കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്നത്.
ഷാർജ പോലീസ് കമാൻഡിന്റെ പ്രധാന കെട്ടിടത്തിലേക്കും, എമിറേറ്റിലെ ഷാർജ പോലീസിന്റെ മറ്റു ഓഫീസുകളിലേക്കും പ്രവേശിക്കുന്നതിന് ഈ നടപടി ബാധകമാക്കിയിട്ടുണ്ട്. ഷാർജ പോലീസ് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലും ഈ തീരുമാനം ബാധകമാണ്.
ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ടാണ് പ്രവേശനാനുമതിയ്ക്കായി സന്ദർശകർ ഹാജരാക്കേണ്ടത്. ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായോ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായോ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് ഇതിൽ ഇളവ് നൽകുന്നതാണ്.
സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇത്തരം ഓഫിസുകളിൽ നേരിട്ടെത്തുന്നതിന് പകരമായി ഷാർജ പോലീസ് സ്മാർട്ട് ആപ്പ്, ‘MOI UAE’ സ്മാർട്ട് ആപ്പിലെ ‘പോലീസ് സ്റ്റേഷൻ ഇൻ യുവർ ഫോൺ’ എന്ന സംവിധാനം മുതലായവ പരമാവധി ഉപയോഗപ്പെടുത്താൻ ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.