ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പോസിറ്റീവ് ഫലം ലഭിക്കുന്ന കൊറോണ വൈറസ് പരിശോധനകൾക്ക് മാത്രമായിരിക്കുമെന്ന് ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) വ്യക്തമാക്കി. COVID-19 രോഗബാധിതർക്ക് മാത്രമാണ് ഇത്തരം പരിശോധനകൾക്ക് വരുന്ന ചെലവുകൾ ആരോഗ്യ ഇൻഷുറൻസിനു കീഴിൽ ഉൾപ്പെടുത്താനാകുക എന്ന് CMA അറിയിച്ചു. COVID-19 നെഗറ്റീവ് ഫലം ലഭിക്കുന്ന ടെസ്റ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.
COVID-19 രോഗബാധിതർക്ക് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനകൾ, ചികിത്സകൾ, ആശുപത്രികളിൽ വേണ്ടിവരുന്ന ചെലവുകൾ (ICU ഉൾപ്പടെ) എന്നിവയ്‌ക്കെല്ലാം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണെന്ന് CMA അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ടെസ്റ്റിംഗ് സൗജന്യമാണെങ്കിലും, മറ്റുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ ഇതിനായി ഏതാണ്ട് അമ്പത് റിയാലിൽ കൂടുതൽ പരിശോധനാ തുക ഈടാക്കുന്നുണ്ട്.