നിലവിലെ കൊറോണാ വൈറസ് ബാധയുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം ഖത്തറിലേക്ക് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽകപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. ഐഡി കാലാവധി കഴിഞ്ഞവർക്കും, ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് താങ്ങേണ്ടിവരുന്ന പ്രവാസികൾക്കും യാത്രാ വിലക്കുകൾ അവസാനിക്കുന്നതോടെ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള അനുമതി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചതായാണ് വിവരം.
കൊറോണാ വൈറസ് ബാധയെത്തുടർന്നാണ് ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഖത്തർ മാർച്ച് 9 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലിക വിലക്കേർപ്പെടുത്തിയത്. ഈ വിലക്കുകൾ നിലവിൽ വരുന്നതിനു മുൻപ് അവധിക്കായി നാട്ടിലേക്ക് തിരിച്ച പ്രവാസികൾക്ക് വളരെ സഹായകരമാകുന്ന ഒരു തീരുമാനമാണ് ഇപ്പോൾ കൈകൊണ്ടിട്ടുള്ള ഈ ഇളവുകൾ.