രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 2023 ഒക്ടോബർ 1-ന് അവസാനിച്ചു. ഒക്ടോബർ 1-നകം ഈ പദ്ധതിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അർഹരായ പ്രവാസികളോടും, പൗരന്മാരോടും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
2023 1-നകം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴ ചുമത്തുന്ന നടപടികൾ MoHRE ഇതോടെ ആരംഭിക്കുന്നതാണ്. രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് 400 ദിർഹമാണ് പിഴയായി ചുമത്തുന്നത്.
തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാത്ത വ്യക്തികൾക്കും, പോളിസി തുക അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും താഴെ പറയുന്ന നിയമനടപടികൾ നേരിടേണ്ടി വരാവുന്നതാണ്:
- തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും.
- സമയബന്ധിതമായി ഇൻഷുറൻസ് പോളിസി തുക അടയ്ക്കുന്നതിൽ തുടർച്ചയായി മൂന്ന് തവണ വീഴ്ച്ച വരുത്തുന്നവരുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതും, ഇവർക്ക് 200 ദിർഹം പിഴ ചുമത്തുന്നതുമാണ്.
- ഇത്തരക്കാരുടെ വേതനത്തിൽ നിന്ന് WPS സംവിധാനത്തിലൂടെ പോളിസി തുക പിടിക്കുന്നതിനും സാധ്യതയുണ്ട്.
- പോളിസി തുക അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പുതിയ വർക് പെർമിറ്റ് അനുവദിക്കാതിരിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് മുഴുവൻ ജീവനക്കാർക്കും – പൗരന്മാരും, പ്രവാസികളും ഉൾപ്പടെ – ഈ ഇൻഷുറൻസ് നിർബന്ധമാണ്. യു എ ഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന നിക്ഷേപകർ, ഗാർഹിക ജീവനക്കാർ, താത്കാലിക തൊഴിൽ കരാറുകളിൽ തൊഴിലെടുക്കുന്നവർ, പതിനെട്ട് വയസിന് താഴെ പ്രായമുളളവർ, പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ എന്നീ വിഭാഗങ്ങളെ ഈ ഇൻഷുറൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് ഈ പദ്ധതിയിൽ പങ്ക് ചേരുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലഭിച്ചിരുന്ന അടിസ്ഥാന വേതനത്തിന്റെ അറുപത് ശതമാനമാണ് പരമാവധി ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്നത്.
16000 ദിർഹത്തിൽ താഴെ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം 5 ദിർഹമാണ് (പ്രതിവർഷം 60 ദിർഹം) ഈ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇനത്തിൽ അടയ്‌ക്കേണ്ടത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 10000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.
16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർക്ക് പ്രതിമാസം 10 ദിർഹമാണ് (പ്രതിവർഷം 120 ദിർഹം) ഫീസ്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 20000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.
തുടർച്ചയായി പന്ത്രണ്ട് മാസമെങ്കിലും ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തുക ലഭിക്കുന്നതിന് അർഹത. ഇതിനിടയിൽ മറ്റൊരു ജോലിയിലേക്ക് മാറുന്നവർക്കും, യു എ ഇയിൽ നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്കും ഈ സഹായത്തിന് അർഹതയുണ്ടായിരിക്കില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക്, ഈ സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക സംബന്ധിച്ച് തീർപ്പ്കൽപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അച്ചടക്ക സംബന്ധമായ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും, ജോലി സ്വയം രാജിവെക്കുന്നവർക്കും ഒഴികെയുള്ളവർക്ക് ഈ പദ്ധതിയുടെ കീഴിൽ പരമാവധി മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ്.