ലേബർ ക്യാമ്പുകളിലും, മറ്റു ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലകളിലും COVID-19 പരിശോധനകൾ നടത്തുന്നതിനായി, ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈൽ ടെസ്റ്റിംഗ് സേവനം ആരംഭിച്ചു. പരിശോധനകൾക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യുന്നതിനു ബുദ്ധിമുട്ടുകൾ ഉള്ള പ്രായമായവർ, രോഗബാധിതർ മുതലായവർക്കും ഈ മൊബൈൽ ടെസ്റ്റിംഗ് സംവിധാനത്തിന്റെ സഹായം ലഭ്യമാകുന്നതാണ്.
നാഷണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ച്ചറിങ് കമ്പനി (NAFFCO), ഷീൽഡ്മീ എന്നിവരുമായി സംയുക്തമായാണ് DHA ഈ സംവിധാനം നടപ്പിലാക്കുന്നത്. ആരോഗ്യ വിദഗ്ദ്ധർ, ജീവനക്കാർ, ടെസ്റ്റിംഗിനായി വരുന്നവർ എന്നിവരുടെ പൂർണ്ണമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഈ മൊബൈൽ ടെസ്റ്റിംഗ് വാഹനം ഒരുക്കിയിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ ദിനവും 1000-ത്തോളം ടെസ്റ്റുകൾ നടത്താവുന്നതാണ്.
യു എ ഇ നടപ്പിലാക്കുന്ന, ജനവാസ മേഖലകളിലെ ത്വരിതഗതിയിലുള്ള പരിശോധനകൾ COVID-19 വ്യാപനം തടയുന്നതിന് സഹായകമാണെന്ന് DHA ഡയറക്ടർ ജനറൽ HE ഹുമൈദ് അൽ ഖതാമി അറിയിച്ചു. ഈ മൊബൈൽ ടെസ്റ്റിംഗ് സംവിധാനം നിലവിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്നും, ടെസ്റ്റിംഗ് വർദ്ധിപ്പിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപന സാധ്യത നിലനിൽക്കുന്ന മേഖലകളിലൂടെ പരിശോധനകൾക്കായി സഞ്ചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തികച്ചും സുരക്ഷിതമായി അവരുടെ കടമകൾ നിർവഹിക്കുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനപ്രദമാണ്.