2021 ഏപ്രിൽ 9 മുതൽ ആഴ്ച്ച തോറും വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഖത്തർ ക്യാബിനറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഏപ്രിൽ 9 മുതൽ വാരാന്ത്യങ്ങൾ ഒഴികെയുള്ള ദിനങ്ങളിൽ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ നിയന്ത്രിക്കുന്നതാണെന്നും ഖത്തർ റയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 8-ന് വൈകീട്ടാണ് ഖത്തർ റയിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ദോഹ മെട്രോ, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ്സ് മുതലായ സേവനങ്ങൾ പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ നിയന്ത്രിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ മെട്രോ നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 9 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുന്നതാണ്.”, ഖത്തർ റയിൽ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
2021 ഏപ്രിൽ 9, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് കൂടുതൽ COVID-19 നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസിസ് അൽ താനിയുടെ നേതൃത്വത്തിൽ ഏപ്രിൽ 7-ന് രാത്രി ചേർന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ കർശനമാക്കാൻ ക്യാബിനറ്റ് തീരുമാനിക്കുകയായിരുന്നു.
രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് ക്യാബിനറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സേവനങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നത്.