ദുബായ്: ഭാരത് മാർട്ട് ട്രേഡിങ്ങ് ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചു

GCC News

ഭാരത് മാർട്ട് ട്രേഡിങ്ങ് ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചതായി ഡി പി വേൾഡ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായിൽ പ്രവർത്തിക്കുന്ന ആഗോള തലത്തിലുള്ള ഒരു ബിസിനസ്-റ്റു-ബിസിനസ് (B2B), ബിസിനസ്-റ്റു-കൺസ്യൂമർ (B2C) ട്രേഡിങ്ങ് ഹബ്ബ് എന്ന രീതിയിലാണ് ഭാരത് മാർട്ട് വിഭാവനം ചെയ്‌തിരിക്കുന്നത്‌. ആഗോള വിപണികളും ഇന്ത്യൻ കച്ചവടക്കാരും തമ്മലുള്ള വ്യാപാരം കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ട്രേഡിങ്ങ് ഹബ്ബ് ഒരുക്കുന്നത്.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയൂഷ് ഗോയൽ, ഡി പി വേൾഡ് ഗ്രൂപ്പ് ചെയർമാനും, സി ഇ ഓയുമായ സുൽത്താൻ ആഹ്മെദ് ബിൻ സുലായേം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡി പി വേൾഡ് ഈ പദ്ധതിയുടെ മാതൃക അനാവരണം ചെയ്തത്. ഭാരത് മാർട്ട് 2026 അവസാനത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയും, പശ്ചിമേഷ്യൻ പ്രദേശങ്ങളും, മറ്റു അന്താരാഷ്ട്ര വിപണികളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ മാറ്റിമറിക്കുന്നതായിരിക്കും ഈ പദ്ധതിയെന്നാണ് കരുതുന്നത്. ജബൽ അലി ഫ്രീസോണിലാണ് ‘ഭാരത് മാർട്ട്’ ഒരുങ്ങുന്നത്.

ഏതാണ്ട് 2.7 മില്യൺ സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിലാണ് ‘ഭാരത് മാർട്ട്’ ഒരുക്കുന്നത്. ഈ വാണിജ്യ സമുച്ചയത്തിൽ ചില്ലറ വില്പനശാലകളും, മൊത്തക്കച്ചവടക്കാരുമായി ഏതാണ്ട് 1500-ഓളം വ്യാപാരശാലകൾ ഉണ്ടായിരിക്കും. ഇന്ത്യൻ വ്യാപാരികൾക്ക് ആഗോള മാർക്കറ്റിലേക്ക് കൂടുതൽ സുഗമമായി തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിന് പിന്തുണ നൽകുന്നതിനായാണ് ഈ പദ്ധതി.