ദുബായ്: പുതുവത്സരാഘോഷങ്ങൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 50000 ദിർഹം പിഴ

GCC News

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അംഗീകാരം നൽകി. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിസംബർ 26, ശനിയാഴ്ച്ച ചേർന്ന കമ്മിറ്റി യോഗത്തിലാണ് ദുബായിലെ പുതുവത്സര രാവിലെ ആഘോഷങ്ങളിൽ പാലിക്കേണ്ട പ്രതിരോധ മുൻകരുതൽ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായത്.

ഈ തീരുമാനപ്രകാരം പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  • സ്വകാര്യമായി സംഘടിപ്പിക്കുന്ന കുടുംബ ഒത്തുചേരലുകൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവയിൽ പരമാവധി 30 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഈ മാനദണ്ഡപ്രകാരം നടത്തുന്ന ഇത്തരം ഒത്തുചേരലുകളിൽ കൃത്യമായ സാമൂഹിക അകലം നടപ്പിലാക്കുന്നതിനായി ചടങ്ങു നടക്കുന്ന വേദിയിൽ ഓരോ അതിഥികൾക്കും ചുരുങ്ങിയത് 4 സ്‌ക്വയർ മീറ്റർ എങ്കിലും സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • ഈ നിർദ്ദേശം മറികടന്നു കൊണ്ട് കുടുംബ ഒത്തുചേരലുകൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 50000 ദിർഹം പിഴ ചുമത്തുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും 15000 ദിർഹം വീതം പിഴയായി ചുമത്തുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
  • പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളോട് കൂടിയവർ എന്നിവർ ഇത്തരം ഒത്തുചേരലുകളിൽ പങ്കെടുക്കരുത്.
  • ഇത്തരം ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവർ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങൾ സമൂഹ സുരക്ഷ മുൻനിർത്തിയാണെന്നും, ഇവ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Photo: Dubai Media Office.