ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

GCC News

ഒമാനിൽ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കാനിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. രാജ്യത്തെ വിവിധ ഇടങ്ങളിലായി കൊറോണ വൈറസ് വാക്സിനേഷൻ യത്നം ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി നേരത്തെ അറിയിച്ചിരുന്നു.

മുൻഗണനാ ക്രമപ്രകാരം പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ രോഗബാധയേൽക്കാൻ ഏറ്റവും സാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ഇത്തരത്തിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഫൈസർ വാക്‌സിനിന്റെ 15600 ഡോസ് അടങ്ങിയ ആദ്യ ബാച്ച് ഡിസംബർ 24, വ്യാഴാഴ്ച്ച രാത്രി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

വാക്സിനേഷൻ നടപടികളിൽ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ആദ്യ കുത്തിവെപ്പ് സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. 21 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ ഏതാണ്ട് 60 ശതമാനത്തോളം പേർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഡിസംബർ 27 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ പ്രവർത്തനമാരംഭിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ:

സീബ് സ്പെഷ്യലൈസ്ഡ് പോളിക്ലിനിക് (Seeb Specialised Polyclinic)

  • ആഴ്ചയിൽ എല്ലാ ദിവസവും ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.
  • സാധാരണ ദിനങ്ങളിൽ: രാവിലെ 7:30 മുതൽ രാത്രി 8.00 വരെ.
  • വാരാന്ത്യങ്ങളിലും, പൊതു അവധി ദിനങ്ങളിലും: രാവിലെ 9:30 മുതൽ വൈകീട്ട് 3:30 വരെ.

ബൗഷർ സ്പെഷ്യലൈസ്ഡ് പോളിക്ലിനിക് (Baushar Specialised Polyclinic)

  • ആഴ്ചയിൽ എല്ലാ ദിവസവും ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.
  • സാധാരണ ദിനങ്ങളിൽ: രാവിലെ 7:30 മുതൽ രാത്രി 8.00 വരെ.
  • വാരാന്ത്യങ്ങളിലും, പൊതു അവധി ദിനങ്ങളിലും: രാവിലെ 9:30 മുതൽ വൈകീട്ട് 3:30 വരെ.

ഖുറിയത് പോളിക്ലിനിക് (Quriyat Polyclinic)

  • ഓരോ ആഴ്ചയിലും ഞായർ മുതൽ വ്യാഴം വരെ മാത്രമാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
  • പ്രവർത്തന സമയം (ഞായർ മുതൽ വ്യാഴം വരെ): രാവിലെ 7:30 മുതൽ വൈകീട്ട് 2:30 വരെ.