ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള, ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ തരം ബാഗുകൾക്കും (ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പടെ) ഈ വിലക്ക് ബാധകമാണ്.
പടിപടിയായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 2024 ജനുവരി 1-ന് പ്രാബല്യത്തിൽ വരുന്ന ഇതിന്റെ ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് വിലക്കേർപ്പെടുത്തുന്നതാണ്. 2024 ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ തരം ബാഗുകൾക്കും (ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പടെ) , ഇത്തരത്തിലുള്ള ഡിസ്പോസിബിൾ വസ്തുക്കൾക്കും, റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന വസ്തുക്കൾക്കും വിലക്കേർപ്പെടുത്തുന്നതാണ്.
ഈ തീരുമാനവുമായി ബന്ധപ്പെട്ട് കൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘124/2023’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ തരം വസ്തുക്കളുടെയും വിപണനം, ഇറക്കുമതി എന്നിവ നിരുത്സാഹപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, പ്ലാസ്റ്റിക്-ഇതര വസ്തുക്കൾ, ഭക്ഷണവിതരണത്തിനായി ഉപയോഗിക്കുന്ന പാക്കിങ്ങ് വസ്തുക്കൾ, പഴം, പച്ചക്കറി എന്നിവ പൊതിയുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ, പ്ലാസ്റ്റിക് കുപ്പികൾ മുതലായവയെല്ലാം ഈ നിരോധനത്തിന്റെ പരിധിയിൽ വരുന്നതാണ്.