ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം ദുബായ് സിലിക്കൺ ഒയാസിസിൽ വിജയകരമായി പൂർത്തിയാക്കി. 2023 മെയ് 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
2021-ൽ ദുബായിൽ നടപ്പിലാക്കിയ ‘ദുബായ് പ്രോഗ്രാം ടു എനേബിൾ ഡ്രോൺ ട്രാൻസ്പോർട്ടേഷൻ’ നയത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫകീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് ഈ പരീക്ഷണം നടത്തിയത്. സ്മാർട്ട് മൊബിലിറ്റി സേവനദാതാക്കളായ ബാർഖ് എയറുമായി സഹകരിച്ചാണ് ദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ട് മരുന്നുകൾ വിതരണം ചെയ്തത്.
ഈ പരീക്ഷണത്തിന്റെ ഭാഗമായി ഫകീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവ് പരിധിയിലുള്ള സിഡർ വില്ലാസ് പാർപ്പിട മേഖലയിലെ ഒരു രോഗിയുടെ വീട്ടിലേക്കാണ് ഡ്രോൺ ഉപയോഗിച്ച് മരുന്ന് എത്തിച്ച് നൽകിയത്.
Cover Image: Dubai Media Office.