ദുബായ്: ഭക്ഷ്യ വിഭവങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തനാനുമതിയിൽ കൂടുതൽ ഇളവുകൾ

GCC News

ദുബായിലെ ഭക്ഷ്യ വിഭവങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തനാനുമതിയിൽ കൂടുതൽ ഇളവുകൾ നൽകിയാതായി ദുബായ് ഇക്കോണമി അറിയിച്ചു. ദുബായിലെ നിലവിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വാണിജ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, ഭക്ഷ്യ വിഭവങ്ങളുടെ വില്പനശാലകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനുള്ള പുതിയ നിർദ്ദേശങ്ങളാണ് ദുബായ് ഇക്കോണമി ഏപ്രിൽ 13, തിങ്കളാഴ്ച്ച നൽകിയത്.

https://twitter.com/Dubai_DED/status/1249792690050469892

ഈ നിർദ്ദേശത്തിന്റെ ഭാഗമായി മാംസ വ്യാപാരശാലകൾ, പഴം/ പച്ചക്കറി വ്യാപാരം, ധാന്യങ്ങൾ വറുക്കുകയും പൊടിക്കുകയും ചെയ്യാനുള്ള സ്ഥാപനങ്ങൾ, മീൻ വിപണനം, കാപ്പിപ്പൊടി/ തേയില എന്നിവയുടെ വ്യാപാരശാലകൾ എന്നിവയ്ക്ക് തുറന്ന് പ്രവചിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകീട്ട് 8 മണി വരെയാണ് പ്രവർത്തനാനുമതി ഉണ്ടായിരിക്കുക. ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, നട്സ് എന്നിവയുടെ വിപണനശാലകൾക്കും പ്രവർത്തനാനുമതി നല്കിയിട്ടുള്ളതായി ദുബായ് ഇക്കോണമി സമൂഹ മാധ്യമങ്ങളിൽ പങ്ക്‌വെച്ച അറിയിപ്പിൽ പറയുന്നു.

കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ എന്നും COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള സാനിറ്റൈസർ, സമൂഹ അകലം മുതലായവ സ്ഥാപനങ്ങൾ ഉറപ്പാക്കണം എന്നും ദുബായ് ഇക്കോണമി അറിയിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളവർക്ക് മൂവ് പെർമിറ്റ് നിർബന്ധമാണ്. സ്ഥാപനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.