ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജിടെക്സ് ഗ്ലോബലിന്റെ നാല്പത്തിരണ്ടാമത് പതിപ്പ് 2022 ഒക്ടോബർ 10-നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന് ശേഷം H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ 2022 വേദിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
എ ഐ, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക് അപ്പ്ളിക്കേഷൻസ് വകുപ്പ് സഹമന്ത്രി H.E. ഒമർ അൽ ഉലമ, യു എ ഇ സർക്കാർ സൈബർ സെക്യൂരിറ്റി വിഭാഗം തലവൻ H.E. ഡോ. മുഹമ്മദ് അൽ കുവൈറ്റി, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഡയറക്ടർ ജനറൽ H.E. ഹിലാൽ സയീദ് അൽമാരി മുതലായവർ അദ്ദേഹത്തെ അനുഗമിച്ചു.
2022 ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ജിടെക്സ് ഗ്ലോബൽ 2022 സംഘടിപ്പിക്കുന്നത്. വെബ് 3.0 സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്ന ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ 90-ൽ പരം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കുന്നുണ്ട്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ 26 ഹാളുകളിലായി രണ്ട് ദശലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയിലൊരുക്കിയിരിക്കുന്ന ഈ ടെക്‌നോളജി പ്രദർശനം ഇത്തരത്തിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ പ്രദർശനമാണ്. 170 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പേർ ഈ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെറ്റാവേഴ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെബ് 3.0, ബ്ലോക്ക്ചെയിൻ, 6G, ക്‌ളൗഡ് കമ്പ്യൂട്ടിങ്ങ്, ബിഗ് ഡാറ്റ തുടങ്ങിയ സാങ്കേതികമേഖലകളിലെ അതിനൂതനമായ അപ്ലിക്കേഷനുകൾ ജിടെക്സ് ഗ്ലോബൽ 2022-ൽ പ്രദർശിപ്പിക്കുന്നതാണ്. മൈക്രോസോഫ്റ്റ്, ഐ ബി എം, ഡെൽ ടെക്‌നോളജീസ്, എറിക്‌സൺ, ഹണിവെൽ, അവായഎം എച് പി, ലെനൊവൊ, സിസ്കോ തുടങ്ങിയ ടെക് മേഖലയിലെ ഭീമൻ കമ്പനികളെല്ലാം ജിടെക്സ് ഗ്ലോബൽ 2022-ൽ പങ്കെടുക്കുന്നുണ്ട്.