എമിറേറ്റിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് ദുബായ് അധികൃതർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് (13/2024) ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയിട്ടുണ്ട്.
2024 മാർച്ച് 13-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായിലെ വാണിജ്യ സാഹചര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും, സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്.
ഈ സംവിധാനം നിലവിൽ വരുന്നതോടെ ദുബായിലെ കമ്പനികളുടെ വിവിധ ലൈസൻസിങ്ങ് നടപടിക്രമങ്ങൾ ഏകീകരിക്കപ്പെടുന്നതാണ്. ഇത്തരത്തിൽ ഏകീകരിക്കുന്ന നടപടിക്രമങ്ങളിൽ ഡിപ്പാർട്മെൻറ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, സ്പെഷ്യൽ ഡവലപ്മെന്റ് സോണുകൾ, ഫ്രീ സോണുകൾ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ ഉൾപ്പെടുന്നു.
ദുബായിൽ നിക്ഷേപം നടത്തുന്നവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. വിവരങ്ങൾ ലഭിക്കുന്നതിനും, ലൈസൻസ് നേടുന്നതിനും, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നേടുന്നതിനും ഈ ഏകീകൃത സംവിധാനം പ്രയോജനപ്പെടുന്നതാണ്.
ദുബായിലെ എല്ലാ സാമ്പത്തിക പ്രവർത്തികളെയും ഉൾപ്പെടുത്തിയാണ് ഈ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ കമ്പനികളുമായി ബന്ധപ്പെട്ട ലൈസൻസ്, പെർമിറ്റ്, മറ്റു അനുമതികൾ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിന് കീഴിൽ വരുന്നതാണ്.
ദുബായിൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് തടസങ്ങൾ എളുപ്പത്തിൽ മറികടന്ന് കൊണ്ട് ഇതുമായി ബന്ധപ്പെട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ ഏകീകൃത സംവിധാനം ഒരുക്കുന്നത്. ഇതിനായി എമിറേറ്റിലെ വിവിധ ലൈസൻസിങ്ങ് വകുപ്പുകൾ, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവയെ ഇലക്ട്രോണിക് മാര്ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്നതാണ്.
WAM.