ദുബായ്: വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

GCC News

മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത എന്നീ മേഖലകളിലെ വിവിധ ആഭ്യന്തര റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 മാർച്ച് 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതോടൊപ്പം ഈ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള RTA-യുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.

റോഡ് വികസനത്തിനൊപ്പം മേഖലയിലെ സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ള നിവാരണ സംവിധാനങ്ങൾ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. മർഘാം മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൈഡൈവ് ദുബായ്ക്ക് സമീപം ദുബായ്-അൽ ഐൻ റോഡിൽ 5 കിലോമീറ്റർ റോഡ് നിർമ്മിച്ചിട്ടുണ്ട്.

ലെഹ്ബാബിലെ പദ്ധതിയിൽ 4 കിലോമീറ്റർ റോഡുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, വഴിവിളക്കുകൾ എന്നിവ ഉൾപ്പെടുന്നു. ലെഹ്‌ബാബിലെ ക്യാമൽ റേസ്ട്രാക്കിന്റെ വശത്തുള്ള ദുബായ് – ഹത്ത റോഡിൽ നിലവിലുള്ള 2 കിലോമീറ്റർ നീളത്തിൽ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അൽ ലിസെലിയിൽ 7 കിലോമീറ്റർ നീളത്തിലുള്ള റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിനൊപ്പം അൽ ഖുദ്റ ലേക്ക്, ലാസ്റ്റ് എക്സിറ്റ് എന്നിവയ്ക്ക് സമീപമുള്ള സൈഹ് അസ്സലാമിലെ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹത്തയിൽ 2 കിലോമീറ്റർ റോഡുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, തെരുവുവിളക്കുകൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയിട്ടുണ്ട്.