ദുബായിലെ പൊതു ബീച്ചുകളും, ഹോട്ടലുകൾക്ക് കീഴിലുള്ള ബീച്ചുകളും തുറന്നു കൊടുത്തതോടെ, വേനൽക്കാല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഇത്തരം ഇടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്. കൊറോണ വൈറസ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരം പൊതു ഇടങ്ങളിൽ ഇടപഴകുന്നവരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ മുൻനിർത്തി തയ്യാറാക്കിയതാണ് ഈ നിർദേശങ്ങൾ. ബീച്ചുകൾ കൂടാതെ നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ, പൊതു പാർക്കുകൾ, ക്യാമ്പിംഗ് സംവിധാനങ്ങൾ മുതലായവയും ദുബായിൽ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.
ബീച്ചുകൾ സന്ദർശിക്കുന്നവർ സമൂഹ അകലത്തിന്റെ ഭാഗമായി, മറ്റു സന്ദർശകരിൽ നിന്ന് ചുരുങ്ങിയത് 2 മീറ്റർ എങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ശുചിത്വ, അണുവിമുക്ത നടപടികൾക്ക് വിധേയമായാണ് നീന്തൽക്കുളങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത്തരം ഇടങ്ങളിൽ കൃത്യമായ ഇടവേളകളിൽ വെള്ളം ശുദ്ധീകരിക്കാനും, പരിശോധിക്കാനുമുള്ള സംവിധാനങ്ങളും, പൊതുജനങ്ങൾ ഇടപഴകുന്ന മേഖലകൾ നിരന്തരം അണുവിമുക്തമാകുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ, പരിശീലകർ, ജീവനക്കാർ എന്നിവർക്ക് പൂളുകളിൽ പ്രവേശിക്കുന്ന സമയത്തൊഴികെ, എല്ലാ സമയത്തും മാസ്കുകൾ നിർബന്ധമാണ്. നീന്തൽക്കുളങ്ങളിലും സമൂഹ അകലം പാലിക്കണമെന്നും, പൂളുകൾ ഉപയോഗിക്കുന്നവർ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കാനും അധികൃതർ നിർദ്ദേശിച്ചു.
ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദുബായ് ടൂറിസം ഇൻസ്‌പെക്ടർമാർ ഇത്തരം ഇടങ്ങളിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.