എമിറേറ്റിൽ ശക്തമായ മഴ ലഭിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് ജാഗ്രത പുലർത്താൻ ദുബായ് അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.
മാർച്ച് 8 മുതൽ മാർച്ച് 10, ഞായറാഴ്ച ഉച്ചവരെ അനുഭവപ്പെടാനിടയുള്ള ഇടിയോട് കൂടിയ ശക്തമായ മഴ, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവ കണക്കിലെടുത്താണ് ദുബായ് അധികൃതർ ഈ സുരക്ഷാ നിർദ്ദേശങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ പെട്ടന്നുള്ള കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടാനിടയുണ്ടെന്നും, ജലാശയങ്ങൾ കര കവിഞ്ഞൊഴുകാമെന്നും, കാറ്റ് മൂലം അന്തരീക്ഷത്തിൽ കാഴ്ച മറയാനിടയുണ്ടെന്നും, കാറ്റിൽ പറക്കുന്ന വസ്തുക്കൾ മൂലമുള്ള അപകടസാധ്യതകളുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്:
- വെള്ളപൊക്കം ഉണ്ടാകാനിടയുള്ള മേഖലകൾ, ജലാശയങ്ങൾ, അരുവികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- അടിയന്തിര സേവനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കൂടി നിൽക്കരുത്.
- അടിയന്തിരമല്ലാത്ത എല്ലാ ഔട്ട്ഡോർ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്.
- വാഹനങ്ങൾ ഉയർന്ന, സുരക്ഷിതമായ ഇടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. കാറ്റിൽ പറക്കാനിടയുള്ള വസ്തുക്കൾ സുരക്ഷിതമാക്കേണ്ടതാണ്.
- ആലിപ്പഴം പൊഴിയാനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ഇതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
ദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
Cover Image: Pixabay.