ദുബായ്: മൂവ് പെർമിറ്റ് സംവിധാനം നിലവിൽ വന്നു; വീടിനു പുറത്തിറങ്ങാൻ ഓൺലൈൻ പെർമിറ്റ് നിർബന്ധം

GCC News

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനം നിലവിൽ വന്നു. ദുബായിൽ വീടുകൾക്ക് പുറത്തിറങ്ങുന്ന ഏതൊരാൾക്കും ഈ പെർമിറ്റ് നിർബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വ്യക്തമാക്കി. മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നവർക്കും ഈ പെർമിറ്റ് നിർബന്ധമാണ്.

https://dxbpermit.gov.ae എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഈ അനുമതി നേടാവുന്നതാണ്. ഈ സംവിധാനത്തിൽ രെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വീടുകൾക്ക് പുറത്തിറങ്ങുന്നതിനുള്ള അനുവാദമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവ പാലിക്കാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകും. ദുബായിലെ മൂവ് പെർമിറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 800PERMIT എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ (800 737648) മറുപടി ലഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആരോഗ്യ മേഖല, ഭക്ഷണ വിതരണം, ഹോട്ടലുകൾ, അടിയന്തിര സ്വഭാവമുള്ള വ്യവസായങ്ങൾ, വൈദ്യതി വിതരണം, ജല വിതരണം, പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ, വാർത്താവിതരണ മേഖല, മാധ്യമപ്രവർത്തനം, എയർ പോർട്ട്, തുറമുഖം, സുരക്ഷാ സേന, പോലീസ്, ശുചീകരണ മേഖല, COVID-19 പ്രതിരോധപ്രവർത്തനങ്ങൾ, പൊതു ഗതാഗതം മുതലായ മേഖലകളിൽ ജോലിചെയ്യുന്നവർക്ക് മാത്രമാണ് തൊഴിൽ പരമായ ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നതിന് നിലവിൽ ദുബായിൽ ഇളവുകൾ നൽകിയിട്ടുള്ളത്. എന്നാൽ ഇത്തരം നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ ആവശ്യമില്ല എന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി. ഇത്തരക്കാർ തൊഴിലിടത്തിൽ നിന്നുള്ള ജോലി സംബന്ധമായ വിവരങ്ങൾ ഉൾകൊള്ളുന്ന ഒരു അനുമതിപത്രം യാത്രചെയ്യുമ്പോൾ കരുതണം.

മൂവ് പെർമിറ്റ് സംവിധാനം നിലവിൽ വന്നതോടെ മാർച്ച് 4 വൈകീട്ട് മുതൽ മാർച്ച് 5 വരെയുള്ള കാലയളവിൽ വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ ദുബായ് പോലീസ് ചാർജ് ചെയ്തിരുന്ന പിഴകൾ റദ്ദാക്കിയിട്ടുണ്ട്. വീടിനു പുറത്തിറങ്ങുന്നവരെല്ലാം മാർച്ച് 5 മുതൽ നിയമകുരുക്കുകൾ ഒഴിവാക്കാൻ മൂവ് പെർമിറ്റ് നിർബന്ധമായും എടുക്കണമെന്നും ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്.