ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം

featured UAE

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 11, തിങ്കളാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ടാണ് പാർക്കിംഗ് സൗജന്യമാക്കുന്നത്.

2022 ജൂലൈ 6-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്. നാല് ദിവസത്തേക്ക് അനുവദിക്കുന്ന ഈ സൗജന്യ പാർക്കിംഗ് സേവനം ബഹുനില പാർക്കിംഗ് സംവിധാനങ്ങളിൽ ലഭ്യമാക്കിയിട്ടില്ലാ എന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

ഈദുൽ അദ്ഹ അവധി ദിനങ്ങൾക്ക് ശേഷം ജൂലൈ 12, ചൊവ്വാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്. രാജ്യത്തെ സ്വകാര്യ മേഖലയിലെയും, സർക്കാർ മേഖലയിലെയും ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് യു എ ഇ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്ത് ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിപ്പ് നൽകിയിരുന്നു.