എമിറേറ്റിൽ ഉപയോഗിക്കുന്ന കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി എ ഐ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ദുബായ് സെൻട്രൽ ലാബോറട്ടറിയാണ് ഇത്തരം റോബോട്ടുകളുടെ സേവനം ഉപയോഗിക്കുന്നത്. സിമന്റ് ഉൾപ്പടെയുള്ള കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഇത്തരം റോബോട്ടുകൾ എക്സ്റേ, കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നു.
സിമന്റ് ഉൾപ്പടെയുള്ള കെട്ടിടനിർമ്മാണ സാമഗ്രികളുടെ കെമിക്കൽ അപഗ്രഥനം, മറ്റു പരിശോധനകൾ എന്നിവ സ്വയമേവ നടത്തുന്നതിന് ഇത്തരം റോബോട്ടുകൾക്ക് സാധിക്കുന്നതാണ്. ഇത്തരം റോബോട്ടുകളെ ഉപയോഗിച്ചിട്ടുള്ള സിമന്റ് പരിശോധനാ സേവനങ്ങൾ ദുബായ് മുനിസിപ്പാലിറ്റിയുടെ ലാബ് ടെസ്റ്റിംഗ് സർവീസസ് സ്മാർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് ഈ പരിശോധനാ ഫലങ്ങൾ അതിവേഗത്തിൽ തങ്ങളുടെ സ്മാർട്ഫോണുകൾ, ടാബുകൾ, മറ്റു മൊബൈൽ ഉപകരണങ്ങൾ എന്നിവയിൽ ലഭിക്കുന്നതാണ്.
ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിൽ കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്ന സംവിധാനങ്ങൾ ഈ മേഖലയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
ഇത്തരം പരിശോധനകൾക്ക് റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ, നേരത്തെ നാല് ദിവസം വരെ എടുത്തിരുന്ന പരിശോധനാ കാലയളവ് കേവലം എട്ട് മിനിറ്റാക്കി ചുരുക്കുന്നതിനും, പ്രതിദിന പരിശോധനകളുടെ എണ്ണത്തിൽ 650 ശതമാനം വരെ വർദ്ധനവ് കൈവരിക്കുന്നതിനും ദുബായ് മുനിസിപ്പാലിറ്റിക്ക് സാധിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.