എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. 2022 ഫെബ്രുവരി 1-ന് വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്.
ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് DHA ആപ്പിലൂടെയും, 800342 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ഈ വാക്സിനേഷൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്. പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ദുബായിൽ 2021 മെയ് മാസത്തിൽ ആരംഭിച്ചിരുന്നു.
അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള പ്രായവിഭാഗക്കാർക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവരൊഴികെയുള്ള അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതാണ്:
- നിലവിൽ COVID-19 രോഗബാധിതരായ കുട്ടികൾ.
- വാക്സിനുകൾ, വാക്സിനുകളിലടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്നിവ മൂലം ഗുരുതരമായ അലർജി ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ള കുട്ടികൾ.
ദുബായിൽ അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് താഴെ പറയുന്ന DHA ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതാണ്:
- Oud Metha Vaccination Centre
- Al Twar Health Centre
- Al Mizhar Health Centre
- Nad Al Hammar Health Centre
- Al Mankhool Health Centre
- Al Lussaily Health Centre
- Nad Al Sheba Health Centre
- Zabeel Health Centre
- Al Barsha Health Centre
ഈ പ്രായവിഭാഗത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെത്തുന്ന രക്ഷിതാക്കൾ ആരോഗ്യകേന്ദ്രങ്ങളിൽ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതാണ്:
- കുട്ടിയുടെ സമ്പൂർണ്ണ മെഡിക്കൽ ഹിസ്റ്ററി.
- കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ കുട്ടികളിൽ പനി പോലുള്ള ലക്ഷണങ്ങൾ പ്രകടമായിരുന്നെങ്കിൽ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതാണ്.
- കുട്ടികളിൽ രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതാണ്.
- രക്തം കട്ടപിടിക്കുന്നതിൽ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ, കുത്തിവെപ്പുകളെ തുടർന്ന് രക്തം വാർന്ന് പോകുന്നതിന് സാധ്യതയുള്ള കുട്ടികൾ തുടങ്ങിയവരുടെ രക്ഷിതാക്കൾ ഇക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതാണ്.
വാക്സിനെടുക്കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളോടൊപ്പം രക്ഷിതാവ് നിർബന്ധമായും എത്തേണ്ടതാണ്.