ദുബായിലെ ബീച്ചുകളിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ ലംഘനങ്ങൾ കണ്ടെത്തിയതായി പോലീസ്

UAE

ബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു. എമിറേറ്റിലെ ബീച്ചുകളിലെത്തുന്നവർ, കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി യു എ ഇ സർക്കാർ ഏർപ്പെടുത്തിയ നിർദ്ദേശങ്ങളിൽ വരുത്തുന്ന നിയമലംഘനങ്ങൾക്കെതിരെ ദുബായ് പോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നാണ് നടപടികൾ കൈകൊണ്ടിട്ടുള്ളത്.

ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ നിലവിൽ വന്ന മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഈ ലംഘനങ്ങൾ രേഖപ്പെടുത്തിയതെന്ന് ദുബായ് പോർട്ട് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സയീദ് അൽ മദാനി അറിയിച്ചു. ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ, മുൻകരുതൽ നടപടികൾ എന്നിവ ദുബായ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീച്ചുകളിലെത്തുന്നവർക്ക് വൈറസ് ബാധയേൽക്കാതെ സംരക്ഷണം നൽകുന്നതിനായാണ് ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം സമൂഹത്തെ ഓർമപ്പെടുത്തി.

സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയ ഇത്തരം സുരക്ഷാ നിർദ്ദേശങ്ങളിൽ വരുത്തുന്ന വീഴ്ച്ചകൾക്കെതിരെ ദുബായ് പോലീസ് കർശനമായ നിയമനടപടികൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി കാൽനടയായും, ബൈക്ക്, ബോട്ട് എന്നിവയിലും പോലീസ് പ്രത്യേക പെട്രോളിങ്ങ് നടത്തുന്നുണ്ട്.

ബീച്ചുകളിലെത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക ക്യാമറകൾ അടങ്ങിയ ഡ്രോണുകൾ രാത്രികാലങ്ങളിൽ പോലും അധികൃതർക്ക് ബീച്ചുകളിലും മറ്റും തുടർച്ചയായി നിരീക്ഷിക്കുന്നതിന് സഹായകമാണെന്നും അദ്ദേഹം അറിയിച്ചു.