റോഡിലെ വേഗത നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിയുമായി ദുബായ് പോലീസ്

UAE

റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, വാഹനങ്ങളുടെ വേഗത സുരക്ഷിതമായ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ പരിപാടി ദുബായ് പോലീസ് ആരംഭിച്ചു. ‘അനിയന്ത്രിത വേഗം നിങ്ങളെ ഒരു കൊലയാളിയാക്കുന്നതിന് അനുവദിക്കാതിരിക്കൂ’ എന്ന മുദ്രാവാക്യമാണ് ഈ പ്രചാരണ പരിപാടി മുന്നോട്ട് വെക്കുന്നത്.

ദുബായ് പോലീസ് ജനറൽ കമാൻഡ് രൂപം നൽകിയിട്ടുള്ള ഈ ട്രാഫിക് പ്രചാരണ പരിപാടി റോഡുകളിലെ വാഹനങ്ങളുടെ അനിയന്ത്രിത വേഗം മൂലമുണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ചും, വേഗപരിധി പാലിച്ച് കൊണ്ട് വാഹനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതാണ്. 30 ദിവസമാണ് ഈ പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടി ദുബായ് പോലീസ് സംഘടിപ്പിക്കുന്നത്.

എമിറേറ്റിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡിലെ അപകടങ്ങളിൽ സംഭവിക്കുന്ന മരണനിരക്ക് പരമാവധി നിയന്ത്രിക്കുന്നതിനുമാണ് ദുബായ് പോലീസ് പ്രാധാന്യം നൽകുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. ഇതിനു ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനും, ആശയങ്ങൾ നടപ്പാക്കുന്നതിനും പോലീസ് എന്നും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ടാക്സി ഡ്രൈവർമാർ ഉൾപ്പടെ വാഹനങ്ങൾ അധികമായി ഉപയോഗിക്കുന്നവരെയും, പ്രാദേശിക വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തിയുള്ള പ്രത്യേക ബോധവത്കരണ പരിപാടികൾ പോലീസ് സംഘടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. മുൻകരുതൽ നടപടികൾ നടപ്പിലാകുന്നതിലും, ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലും, പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിലും, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ദുബായ് പോലീസ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത വേഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള ഈ പ്രചാരണ പരിപാടി നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് COVID-19 മുൻകരുതലുകളോടെ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സമൂഹ മാധ്യമങ്ങൾ, ദൃശ്യ-ശ്രവ്യ പ്രക്ഷേപണ മാധ്യമങ്ങൾ മുതലായവയോടൊപ്പം ഇമെയിൽ, റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ ബോർഡുകൾ തുടങ്ങിയ നിരവധി മാർഗ്ഗങ്ങളിലൂടെ ഈ സന്ദേശം പരമാവധി ഡ്രൈവർമാരിലേക്കെത്തിക്കാൻ ദുബായ് പോലീസ് ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളോട് റോഡ് സുരക്ഷാ നിർദ്ദേശങ്ങളും, നിയമങ്ങളും കൃത്യമായി പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.