അൽ ഖൈൽ റോഡ് നവീകരണ പദ്ധതി സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) പ്രഖ്യാപനം നടത്തി. 2024 ഫെബ്രുവരി 25-നാണ് RTA ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഏതാണ്ട് 700 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു കരാറാണ് RTA നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഏഴ് ഇടങ്ങളിലായി 6820 മീറ്റർ നീളത്തിലുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്.
ഇതിന്റെ ഭാഗമായി ആകെ 3300 മീറ്റർ നീളത്തിലുള്ള പാലങ്ങൾ പണിതീർക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. അൽ ഖൈൽ റോഡ് കടന്ന് പോകുന്ന സബീൽ, മെയ്ദാൻ, അൽ ഖൂസ് 1, ഖദീർ അൽ തൈർ, ജുമേയ്റ വില്ലജ് സർക്കിൾ തുടങ്ങിയ ഇടങ്ങൾ ഈ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ റോഡിലെ നിലവിലെ ഇന്റർസെക്ഷനുകൾ, പാലങ്ങൾ എന്നിവയുടെ ശേഷി മണിക്കൂറിൽ 19600 വാഹനങ്ങൾ എന്ന നിലയിലേക്ക് ഉയർത്തുന്ന രീതിയിലായിരിക്കും ഈ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്,
എമിറേറ്റ്സ് റോഡ് എന്നീ പാതകൾക്ക് സമാന്തരമായി സഞ്ചരിക്കുന്ന റോഡുകളും, ഇവയെ ബന്ധിപ്പിക്കുന്ന റോഡുകളും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് RTA ഡയറക്ടർ ജനറൽ, H.E. മതർ അൽ തയർ അറിയിച്ചു. ബിസിനസ് ബേ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷൻ വരെ നീണ്ട് കിടക്കുന്നതും, ഇരുവശത്തേക്കും ആറ് വരികൾ വീതമുള്ളതുമായ ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാഫിക് കോറിഡോറുകളിലൊന്നാണ് അൽ ഖൈൽ റോഡ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ ഖൈൽ റോഡിനെ മുറിച്ച് കടക്കുന്ന ഫ്ലൈഓവറുകളിൽ ട്രാഫിക് തടസങ്ങൾ ഒഴിവാക്കിക്കൊണ്ട് യാത്രാ സമയം ഏതാണ്ട് 30 ശതമാനം വെട്ടികുറയ്ക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ഈ നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
WAM