ദുബായ്: 2022-ലെ ആദ്യ പാദം മുതൽ 10 ജില്ലകളിൽ ഇ-സ്കൂട്ടറുകൾ നിരത്തിലിറക്കുമെന്ന് RTA

UAE

ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സിവിൽ സൈറ്റ് വർക്കുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായിലെ 10 ജില്ലകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022-ലെ ആദ്യ പാദത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനായാണ് RTA ലക്ഷ്യമിടുന്നത്.

ഡിസംബർ 11-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2020 ഒക്ടോബറിൽ ദുബായിലെ 5 പ്രധാന മേഖലകളിൽ ആരംഭിച്ച ഇ-സ്‌കൂട്ടറിന്റെ ട്രയൽ റൺ ഘട്ടം വലിയ വിജയം നേടിയിരുന്നു. 2021 സെപ്റ്റംബർ അവസാനം വരെ ട്രയൽ റണ്ണിന്റെ ഭാഗമായി ഇ-സ്കൂട്ടറുകൾ അരലക്ഷത്തോളം യാത്രകൾ നടത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വിപുലീകരിക്കുന്നതിനും, പ്രത്യേക റസിഡൻഷ്യൽ ഏരിയകളിലേക്കും, പിന്നീട് 23 പുതിയ ജില്ലകളിലേക്കും ഇ-സ്കൂട്ടർ ട്രാക്കുകൾ വിപുലീകരിക്കുന്നതിനും RTA ലക്ഷ്യമിടുന്നു.

Source: Dubai Media Office.

“ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജുമൈറ ലേക്‌സ് ടവേഴ്‌സ്, ദുബായ് ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ് (നിർദ്ദിഷ്‌ട ട്രാക്കും സോണും), പാം ജുമൈറ, സിറ്റി വാക്ക് എന്നിവ ഉൾപ്പെടുന്നു. ഇതിന് പുറമെ അൽ ഖുസൈസ്, അൽ മൻഖൂൽ, അൽ കരാമ മേഖലകളിലെ സുരക്ഷിതമായ റോഡുകളും, സെയ്ഹ് അൽ സലാം, അൽ ഖുദ്ര, മൈദാൻ എന്നിവയുടെ സൈക്ലിംഗ് ട്രാക്കുകൾ ഒഴികെയുള്ള സൈക്ലിംഗ് ട്രാക്കുകളും ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു. ” RTA ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ മുഹമ്മദ് അൽ തായർ അറിയിച്ചു.

Source: Dubai Media Office.

“ഉയർന്ന ജനസാന്ദ്രത, പ്രത്യേക വികസന മേഖലകൾ, മെട്രോ സ്റ്റേഷനുകളും ബഹുജന ഗതാഗതവും ലഭിക്കുന്ന പ്രദേശങ്ങൾ, സംയോജിത അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഉയർന്ന ട്രാഫിക് സുരക്ഷയുള്ള പ്രദേശങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ജില്ലകൾ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടങ്ങൾ ഒഴിവാക്കാൻ നിർമാണം പുരോഗമിക്കുന്ന ട്രാക്കുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് RTA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ജില്ലകളിലെ ഇ-സ്‌കൂട്ടറുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ പദ്ധതി പ്രകാരം പുരോഗമിക്കുകയാണ്.

WAM