ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി

GCC News

ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 2026 ജൂലൈ 8-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

നൂതന ഡിജിറ്റൽ മാർഗ്ഗനിർദ്ദേശവും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ഒരു ദിവസം 30 മീറ്റർ വരെ കുഴിച്ചെടുക്കുന്ന പുതുതലമുറ ടണൽ ബോറിംഗ് മെഷീനായ അൽ വുഗീഷയാണ് ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. കേവലം രണ്ട് മാസം കൊണ്ടാണ് ഈ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്.

ഏകദേശം 2,000 ടൺ ഭാരവും 163 മീറ്റർ നീളവുമുള്ള അൽ വുഗീഷ ടണൽ ബോറിംഗ് മെഷീൻ ടണലിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പുറമെ, കുഴിച്ചെടുത്ത വസ്തുക്കൾ നീക്കം ചെയ്യാനും, ടണൽ ലൈനിംഗ് സെഗ്‌മെന്റുകൾ സ്വയമേവ സ്ഥാപിക്കാനും കഴിവുള്ള ഒരു പൂർണ്ണ സംയോജിത ഭൂഗർഭ ഉൽ‌പാദന സംവിധാനമാണ്.

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2026 മെയ് തുടക്കത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു.

ആകെ മുപ്പത് കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ റൂട്ടിൽ 15.5 കിലോമീറ്റർ തുരങ്കപാതയുണ്ട്. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പടെ 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് ബ്ലൂ ലൈൻ നിർമ്മിക്കുന്നത്. ബ്ലൂ ലൈനിൽ ഏഴ് എലവേറ്റഡ് മെട്രോ സ്റ്റേഷനുകളും നാല് ഭൂഗർഭ സ്റ്റേഷനുകളും ഉൾപ്പെടുന്നു.

2025 ജൂൺ 9-നാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കേവലം ആറ് മാസത്തെ സമയം കൊണ്ട് ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പന്ത്രണ്ട് ശതമാനം പൂർത്തിയാക്കിയതായി 2025 ഡിസംബറിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചിരുന്നു.

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ആകെ 56 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.