ദുബായ്: അനധികൃത ടാക്സികൾക്കെതിരെ കർശന നടപടികളുമായി RTA

featured GCC News

എമിറേറ്റിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി RTA പ്രത്യേക പ്രചാരണ പരിപാടികളും, പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

ടാക്സി ലൈസൻസ് ഇല്ലാതെ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ഇത്തരം സ്വകാര്യ വാഹനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിട്ടാണ് RTA ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ്, എയർപോർട്ട് സെക്യൂരിറ്റി, എമിറേറ്റ്സ് പാർക്കിംഗ് തുടങ്ങിയവരുമായി സഹകരിച്ചാണ് RTA ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ എമിറേറ്റിലെ വിവിധ ഇടങ്ങളിൽ നിന്നായി അനധികൃത യാത്രാ സേവനങ്ങൾ നൽകുന്ന ഇരുന്നൂറിൽ പരം വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം അനധികൃത ടാക്‌സികൾ കൂടുതലായി സേവനങ്ങൾ നൽകുന്നതായി കണ്ടെത്തിയിട്ടുള്ള മേഖലകളിലാണ് ഈ പരിശോധനകൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

അനധികൃത ടാക്സി സേവനങ്ങൾ നടത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് മുപ്പതിനായിരം മുതൽ അമ്പതിനായിരം ദിർഹം വരെ പിഴ ചുമത്തുന്നതാണ്.