ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഏപ്രിൽ 2-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ റോഡ് എന്നിവയ്ക്കിടയിൽ നടക്കുന്ന ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പാലങ്ങളും, ടണലും നിർമ്മിച്ചിരിക്കുന്നത്. രണ്ട് പാലങ്ങൾ, ഒരു ടണൽ എന്നിവയുടെ ഭാഗമായി ആകെ 2325 മീറ്റർ നീളത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് RTA പൂർത്തിയാക്കിയിരിക്കുന്നത്.
മണിക്കൂറിൽ ഏതാണ്ട് 27200 വാഹനങ്ങൾ കടന്ന് പോകാനാകുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം. വടക്കൻ ഭാഗത്ത് നിന്ന് ഇൻഫിനിറ്റി പാലത്തെയും അൽ ഷിന്ദഗ ടണലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് ഈ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ ഈ പാലങ്ങൾ ഷെയ്ഖ് റാഷിദ് റോഡിനും, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനും ഇടയിലുള്ള ജംഗ്ഷനിൽ RTA ഇപ്പോൾ നിലവിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന പാലങ്ങളുമായി തെക്കൻ ദിശയിൽ ബന്ധിപ്പിക്കുന്നതാണ്.
ആറ് വരികൾ വീതമുള്ള ഈ രണ്ട് പാലങ്ങളിലൂടെയും ഇരുവശത്തേക്കും മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്നതാണ്. ഖാലിദ് ബിൻ അൽ വലീദ് റോഡിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള ഇടത് വശത്തേക്ക് തിരിഞ്ഞ് പോകേണ്ട വാഹനങ്ങൾക്കായാണ് രണ്ട് വരികളുള്ള പുതിയ ടണൽ നിർമ്മിച്ചിരിക്കുന്നത്. അഞ്ഞൂറ് മീറ്റർ നീളമുള്ള ഈ ടണലിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്ന് പോകാവുന്നതാണ്.
പതിമൂന്ന് കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ ഒരു ഘട്ടമാണ് ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയെന്ന് RTA ഡയറക്ടർ ജനറൽ H.E. മതർ അൽ തയർ വ്യക്തമാക്കി. ഏതാണ്ട് 5.3 ബില്യൺ ദിർഹം മൂല്യമുള്ള അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതി നിലവിൽ RTA ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്.
Cover Image: Dubai RTA.