ദുബായ്: ഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തുറന്നു

GCC News

ഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന 1000 മീറ്റർ നീളമുള്ള ഒരു പ്രധാന രണ്ട് വരി പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു കൊടുത്തു. ഹെസ്സ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണിത്.

ഈ പുതിയ പാലം ദുബായ് നഗരമധ്യത്തിലേക്കും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പ് വരുത്തുന്നു. ഹെസ്സ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി കുറയ്ക്കുന്ന രീതിയിലാണ് ഈ പാലം പണിതീർത്തിരിക്കുന്നത്.

നാല് പ്രധാന കവലകളുടെ നവീകരണം ഉൾപ്പെടുന്ന ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ 54 ശതമാനം പൂർത്തിയായതായി RTA അറിയിച്ചിട്ടുണ്ട്. 2025-ലെ നാലാം പാദത്തോടെ എല്ലാ കവലകളും പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി RTA കൂട്ടിച്ചേർത്തു.

ശൈഖ് സായിദ് റോഡിൽ നിന്ന് ഹെസ്സ സ്ട്രീറ്റ് അൽ ഖൈൽ റോഡുമായി ചേരുന്ന ഇന്റർസെക്ഷൻ വരെ 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി ദുബായ് മുന്നോട്ട് വെക്കുന്ന തുടർച്ചയായുള്ള അടിസ്ഥാന വികസന നയങ്ങളുടെ ഭാഗമാണെന്ന് RTA എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനായ ഡയറക്ടർ ജനറൽ മതർ അൽ തയർ പറഞ്ഞു.

Source: WAM.

ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ അസായെൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയുമായുള്ള ഹെസ്സ സ്ട്രീറ്റിലെ നാല് പ്രധാന കവലകൾ നവീകരിക്കുക, തെരുവ് രണ്ട് വരിയിൽ നിന്ന് നാല് വരിയായി വീതി കൂട്ടുക, 13.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക് നിർമ്മിക്കുക തുടങ്ങിയ പ്രവർത്തികൾ ഈ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിയുടെ ആകെ ചെലവ് 689 ദശലക്ഷം ദിർഹമാണ്.