ദുബായ്: ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾക്കുള്ള കൂടുതൽ കരാറുകളിൽ RTA ഒപ്പ് വെച്ചു

GCC News

എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2025 ജൂൺ 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിനായി യൂബർ ടെക്‌നോളജീസ്‌, വീറൈഡ് എന്നീ കമ്പനികളുമായാണ് RTA കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

Source: Dubai Media Office.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എമിറേറ്റിൽ ഈ വർഷം തന്നെ നടക്കുന്നതാണ്. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ 2026-ൽ ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ ഇത്തരം ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾ യൂബർ ആപ്പിലൂടെ ലഭ്യമാകുന്നതാണ്. ആദ്യ ഘട്ടത്തിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഒരു സേഫ്റ്റി ഡ്രൈവറെ ഉൾപ്പെടുത്തിയായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ഇവ ഓടിക്കുന്നത്.

2026-ഓടെ ദുബായിൽ റോബോടാക്സി സേവനങ്ങൾ പൂർണ്ണസജ്ജമായി പ്രവർത്തനമാരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.