റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റോഡുകളിലെ കേടുപാടുകൾ കണ്ടെത്തുന്നതും, ട്രാഫിക് വഴിതിരിച്ചുവിടലുകൾ പരിശോധിക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ചെയ്യാൻ കഴിയുന്ന ഒരു വാഹനമാണ് ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനും റോഡ് ശൃംഖലയുടെ ഗുണനിലവാരം ഉയർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
റോഡുകളുടെ ശരിയായ അവസ്ഥയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിനും അവ RTA നിശ്ചയിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങളും സവിശേഷതകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുമുള്ള ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങൾ ഈ സ്മാർട്ട് വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ക്യാമറകൾ, സെൻസറുകൾ, മറ്റു സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനം റോഡിലെ കേടുപാടുകൾ കണ്ടെത്തുന്നതിനും അവ സംബന്ധിച്ച റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതിനും മനുഷ്യ ഇടപെടലില്ലാതെ അവ യാന്ത്രികമായി സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും പ്രാപ്തമാണ്.
ദുബായുടെ നഗരസൗന്ദര്യം നിലനിർത്തുന്നതിനൊപ്പം ആസ്തികളുടെയും സൗകര്യങ്ങളുടെയും ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരതയ്‌ക്കും ഈ സ്മാർട്ട് വാഹനം സംഭാവന നൽകുമെന്ന് RTA ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. പരമ്പരാഗത ഫീൽഡ് പരിശോധനകളെ അപേക്ഷിച്ച് പരിശോധനാ ഘടകങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം ഇത് കുറഞ്ഞത് 70% കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നൂതന സംവിധാനം ട്രാഫിക് വഴിതിരിച്ചുവിടലുകളുടെ പരിശോധന സുഗമമാക്കുകയും റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ ട്രാഫിക് ഫ്ലോ ഉറപ്പാക്കുകയും അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് അവ നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.
WAM