യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Mohammed bin Rashid visits UAE Pavilion at Expo 2025 Osaka. pic.twitter.com/gchRV4yJ8Z
— Dubai Media Office (@DXBMediaOffice) April 25, 2025
എക്‌സ്‌പോ 2025 ഒസാക്ക 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഒസാക്ക ഒരു ലോക എക്സ്പോ വേദിയാകുന്നത്. നേരത്തെ 1970-ലെ ലോക എക്സ്പോയ്ക്ക് ഒസാക്ക വേദിയായിരുന്നു.

“ആഗോള സഹകരണത്തിന് യു എ ഇ നൽകുന്ന പ്രാധാന്യമാണ് എക്‌സ്‌പോ 2025 ഒസാക്കയിലെ പങ്കാളിത്തത്തിലൂടെ വെളിപ്പെടുന്നത്. വിജ്ഞാന കൈമാറ്റം, നൂതനത, ഒത്ത് ചേർന്നുള്ള പ്രവർത്തനങ്ങൾ മുതലായവ മികച്ച ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് ഏറെ പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

“എക്സ്പോ 2020 ദുബായിലൂടെ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചതിലൂടെ സംസ്കാരങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ ഞങ്ങൾ നിർമ്മാണാത്മകമായ പങ്കാണ് വഹിച്ചത്. കൂടുതൽ സുസ്ഥിരമായതും, എല്ലാവരെയും ഉൾകൊള്ളുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ യു എ ഇ എന്നും തുടരുന്നതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇയിലെ ഈന്തപ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയന്റെ രൂപകൽപ്പന. പതിനാറ് മീറ്റർ ഉയരമുള്ള 90 ഈന്തപ്പന തൂണുകൾ ഈ പവലിയനിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.

എക്സ്പോ 2020 ദുബായ് സമാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ ലോക എക്സ്പോ പ്രദർശനമാണ് എക്‌സ്‌പോ 2025 ഒസാക്ക. 2022 മാർച്ച് 31-ന് അവസാനിച്ച എക്സ്പോ 2020 ദുബായ് ലോക എക്സ്പോയിൽ ഏതാണ്ട് 24 ദശലക്ഷത്തിലധികം സന്ദർശകർ എത്തിയിരുന്നു.
192 രാജ്യങ്ങൾ പങ്കെടുത്ത എക്സ്പോ 2020 ദുബായ് 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ആറ് മാസം നീണ്ട് നിൽക്കുന്ന രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്.
WAM [Cover Image: Dubai Media Office.]