2023-നെ വരവേൽക്കുന്നതിനായി നഗരത്തിലെ മുപ്പത് ഇടങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതോടൊപ്പം പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത പരിപാടികൾ, മാസ്മരികമായ ഡ്രോൺ ഷോകൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികൾ മുതലായവയും പുതുവർഷ വേളയിൽ ദുബായിൽ അരങ്ങേറുന്നതാണ്.
ദുബായിലെ പ്രധാന ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ഉൾപ്പടെ മുപ്പത് ഇടങ്ങളിലായാണ് ഇത്തവണത്തെ പുതുവർഷ വേളയിലെ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൽ ദുബായ് ബുർജ് ഖലീഫയിൽ ഒരുക്കുന്ന ആകാശത്തിലെ വർണ്ണപൂരം ആഗോളതലത്തിൽ തന്നെ ഏറെ പ്രശസ്തമാണ്.
ബ്ലൂവാട്ടേഴ്സ്, ദി ദുബായ് ഫ്രെയിം, ദി ബീച്ച്, ജുമേയ്റ ബീച്ച് റിസോർട്ട്സ്, ബുർജ് അൽ അറബ് എന്നിവിടങ്ങളിലും പുതുവർഷത്തിൽ ഭ്രമിപ്പിക്കുന്ന വർണ്ണവിസ്മയങ്ങൾ ആസ്വദിക്കാം.
ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. 2023-ലെ പുതുവത്സരത്തിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ കരിമരുന്ന് പ്രദർശനം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ലക്ഷ്യമിട്ടുള്ള 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രദർശനം അരങ്ങേറുന്നതാണ്.
2023-നെ സ്വാഗതം ചെയ്ത് കൊണ്ട് 3000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തുന്ന ഭീമാകാരമായ ഒരു ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ എല്ലാ വർഷത്തെയും പോലെ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുന്നതാണ്. ലോകോത്തര നാടോടി, വിനോദ പരിപാടികളും, പ്രകടനങ്ങളും അണിനിരത്തിക്കൊണ്ടായിരിക്കും 2023-നെ വരവേൽക്കുന്നതെന്ന് സംഘാടകർ നേരത്തെ അറിയിച്ചിട്ടുണ്ട്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ജുമേയ്റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ സംഘടിപ്പിക്കുന്ന പ്രത്യേക DSF ഡ്രോൺ ലൈറ്റ് ഷോ പുതുവർഷരാവിൽ രാത്രി 8 മണിക്കും, 11 മണിക്കും വാനിൽ മായികക്കാഴ്ചകൾ ഒരുക്കുന്നതാണ്. ഈ മേഖലയിലെ നിരവധി റസ്റ്ററന്റുകളിൽ നിന്ന് ഈ ഡ്രോൺ ഷോ ആസ്വദിക്കാവുന്നതാണ്.
കയ്ലി മിനോ, എൻറിക് ഇഗ്ലേഷ്യസ് തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടികളും പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ അരങ്ങേറുന്നതാണ്. ദുബായ് ക്രീക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, ദുബായ് ടൗൺ സ്ക്വയർ മുതലായ ഇടങ്ങളിൽ കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിവിധ ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്.