യു എ ഇ: 2023 ജനുവരി 2 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

GCC News

2022 ഡിസംബർ 27 മുതൽ 2023 ജനുവരി 2 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. 2022 ഡിസംബർ 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പുതുവർഷത്തെ വരവേൽക്കുന്ന ഈ ആഴ്ച്ചയിൽ ദുബായ് എയർപോർട്ടിൽ യാത്രികരുടെ അസാധാരണമായവിധത്തിലുള്ള തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രതിദിനം 245000 യാത്രികർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിനം 2023 ജനുവരി 2 ആയിരിക്കുമെന്നും, ഈ ദിവസം 257000-ൽ പരം യാത്രികർ ദുബായ് എയർപോർട്ടിലൂടെ സഞ്ചരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത് തങ്ങളുടെ യാത്രകൾ ക്രമപ്പെടുത്താൻ അധികൃതർ യാത്രികരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

തിരക്ക് ഒഴിവാക്കുന്നതിനായി താഴെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതർ യാത്രികരോട് ആഹ്വാനം ചെയ്തു:

  • കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവർക്ക്, പാസ്പോർട്ട് കൺട്രോൾ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി, 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
  • എയർപോർട്ടിലേക്കുള്ള റോഡുകളിലെ തിരക്ക് കണക്കിലെടുത്ത് അധിക സമയം ലഭിക്കുന്ന രീതിയിൽ യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
  • ടെർമിനൽ ഒന്നിലൂടെ സഞ്ചരിക്കുന്നവർ യാത്ര പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിലെത്തേണ്ടതാണ്.
  • ഓൺലൈൻ, സെൽഫ്-സർവീസ് സംവിധാനങ്ങൾ കഴിയുന്നതും പ്രയോജപ്പെടുത്തുക.
  • ടെർമിനൽ 3-ലൂടെ സഞ്ചരിക്കുന്നവർക്ക് എമിറേറ്റിന്റെ സെൽഫ്-സർവീസ് ചെക്ക്-ഇൻ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
  • ലഗേജിന്റെ ഭാരം മുൻകൂട്ടി ഉറപ്പ് വരുത്തുന്നതും, യാത്രാ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതും എയർപോർട്ടിൽ സമയനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നതാണ്.
  • വിമാനത്താവളത്തിലേക്കും, തിരികെയും യാത്ര ചെയ്യന്നതിന് ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
  • യാത്രികരെ കൂട്ടിക്കൊണ്ട് പോകുന്നതിനായെത്തുന്നവർ തങ്ങളുടെ വാഹനങ്ങൾ കാർ പാർക്കുകളിൽ നിർത്തിയിടേണ്ടതാണ്. ടെർമിനൽ 1, ടെർമിനൽ 3 എന്നിവയ്ക്ക് മുന്നിലെ തുറസായ ഇടങ്ങളിലേക്ക് പ്രത്യേക അനുമതിയുള്ള വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.

WAM