നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കിക്കൊണ്ട് ദുബായ് 2023-നെ വരവേറ്റു.
കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രദർശനങ്ങളും, ലേസർ വിളക്കുകൾ തീർത്ത നിറക്കൂട്ടങ്ങളും, ഡ്രോണുകൾ ഒരുക്കിയ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകളും, സംഗീതനൃത്ത പരിപാടികളും ദുബായിലെ പുതുവത്സരരാവിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറ്റി.
എല്ലാ വർഷത്തെയും പോലെ അതിഗംഭീരമായ കരിമരുന്നു പ്രദർശനത്തിന്റെയും, മായിക ദീപാലങ്കാരങ്ങളുടെയും അകമ്പടിയോടെ ബുർജ് ഖലീഫ പുതുവർഷത്തെ സ്വാഗതം ചെയ്തു.
പുതുവർഷത്തെ വരവേൽക്കുന്ന വെടിക്കെട്ടിന് മുന്നോടിയായി, COVID-19 നിയന്ത്രണങ്ങൾ ഇല്ലാത്ത പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ‘നമ്മൾ വീണ്ടും ഒത്തൊരുമിക്കുന്നു; മാസ്കുകൾ ഇല്ലാതെ, പുഞ്ചിരിയോടെ, മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അടുപ്പത്തോടെ’ എന്ന സന്ദേശം ബുർജ് ഖലീഫയിൽ തെളിഞ്ഞു.
പുതുവർഷ വേളയിൽ ദുബായ് ഫ്രെയിം, ബുർജ് അൽ അറബ് എന്നിവ ഉൾപ്പടെ ദുബായിലെ മുപ്പത് ഇടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിച്ചു.
ഇതോടൊപ്പം പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത പരിപാടികൾ, മാസ്മരികമായ ഡ്രോൺ ഷോകൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികൾ മുതലായവയും പുതുവർഷ വേളയിൽ ദുബായിൽ അരങ്ങേറി.