അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ (HERO World Series 2021) ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. ഹീറോ ദുബായ് ഹത്ത 2021 (HERO Dubai 2021) എന്ന ആദ്യ പാദം മത്സരം 2021 മാർച്ച് 5-നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്റർനാഷണൽ സൈക്ലിംഗ് യൂണിയന്റെ അന്താരാഷ്ട്ര സൈക്കിളോട്ട മത്സര കലണ്ടറിലെ പ്രമുഖ മൗണ്ടൈൻ ബൈക്ക് ടൂർണമെന്റാണിത്. 2021 മാർച്ച് 3 മുതൽ 5 വരെ നീണ്ട് നിൽക്കുന്ന HERO മൗണ്ടൈൻ ബൈക്ക് ഫെസ്റ്റിവലിനോടോപ്പമാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് സൈക്കിളോട്ടക്കാർ ഈ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ മൗണ്ടൈൻ ബൈക്കിംഗ് ടൂർണമെന്റാണിത്.
HERO World Series 2021-ന്റെ ആദ്യ പാദം ഹത്ത നേച്ചർ പാർക്കിലെ ഹത്ത വാദി ഹബ് എന്ന കായിക വേദിയിലാണ് നടത്തുന്നത്. ഈ ടൂർണമെന്റിന്റെ രണ്ടാം പാദം 2021 ജൂൺ 12-ന് ഇറ്റലിയിലും, മൂന്നാം പാദം 2021 സെപ്‌റ്റംബർ 25-ന് തായ്‌ലൻഡിലും അരങ്ങേറും.
HERO Dubai 2021-ൽ പങ്കെടുക്കുന്ന പ്രൊഫഷണൽ സൈക്കിളോട്ടക്കാർക്കായി 1600 മീറ്റർ വരെ ഉയരമെത്താവുന്ന 60 കിലോമീറ്റർ നീളമുള്ള മാരത്തോൺ പാതയും, 800 മീറ്റർ വരെ ഉയരമെത്താവുന്ന 30 കിലോമീറ്റർ നീളമുള്ള മറ്റൊരു പാതയുമാണ് ഒരുക്കിയിട്ടുള്ളത്. വിനോദത്തിനായും, കുട്ടികളുടെ വിഭാഗത്തിലും ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള റജിസ്‌ട്രേഷൻ https://www.heroworldseries.com/ എന്ന വിലാസത്തിൽ ആരംഭിച്ചിട്ടുണ്ട്.
HERO World Series 2020 ടൂർണമെന്റിന്റെ ആദ്യ പാദ മത്സരം ഈ വർഷം തുടക്കത്തിൽ ഹത്തയിൽ വെച്ച് നടത്തിയിരുന്നു. 50 രാജ്യങ്ങളിൽ നിന്നുള്ള 400-ൽ പരം സൈക്കിളോട്ടക്കാർ ഈ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. പുരുഷന്മാരുടെ മത്സരത്തിൽ കൊളംബിയയിൽ നിന്നുള്ള ഹെക്ടർ ലിയനാർഡോ പയസും, സ്ത്രീകളുടെ മത്സരത്തിൽ സ്ലോവേനിയയുടെ പ്ലാസ ബ്യന്ററിക്കും വിജയികളായി.