കഴിഞ്ഞ വർഷം ആകെ 66 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. 2023 ഫെബ്രുവരി 21-നാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നടത്തിപ്പുകാരായ ദുബായ് എയർപോർട്ടസ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ യാത്രികരുടെ എണ്ണത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് 127 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ന്റെ അവസാന പാദത്തിൽ മാത്രം ഏതാണ്ട് 19 ദശലക്ഷം യാത്രികരാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയത്.
88 അന്തരാഷ്ട്ര വിമാനകമ്പനികൾ ഈ എയർപോർട്ടിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്. 99 രാജ്യങ്ങളിലായി 229 ഇടങ്ങളിലേക്ക് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിമാനസർവീസുകൾ നടത്തിവരുന്നു.
2023-ൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 78 ദശലക്ഷത്തിലധികം യാത്രികരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്ടസ് സി ഇ ഓ പോൾ ഗ്രിഫിത്സ് വ്യക്തമാക്കി.
ദുബായ് എയർഷോ, COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾ ഈ വർഷം ദുബായിൽ വെച്ച് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണം ഉയരുമെന്നും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ നൽകുന്നതിന് വിമാനത്താവളം പൂർണ്ണസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Dubai Media Office.