ലോകം മുഴുവൻ ഇന്ന് COVID-19 എന്ന മഹാമാരി ശമിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിനായി കാത്തിരിക്കുകയാണ്. തുടക്കത്തിൽ ചൈനയിലെ വുഹാൻ എന്ന ചെറു പ്രദേശത്ത് തുടങ്ങിയ ഒരു ചെറിയ അസുഖം, മരണം എന്ന തീവ്രതയിലേയ്ക്ക് കടക്കുമ്പോളും, ലോകം വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. പിന്നീട് ഒരു കമ്പ്യൂട്ടർ വൈറസ് പടരുന്ന മാതൃകയിൽ ലോകത്തെ മനുഷ്യ സഞ്ചാര പഥങ്ങളിലൂടെ ഈ സൂക്ഷ്മാണുവും ലോകമൊന്നായി പടർന്നു കയറി. ലോകത്തിലെ വലിയ ശക്തിരാജ്യങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന രാജ്യങ്ങളിലേക്കും ഈ വ്യാധി വ്യാപിച്ചത് ഭൂഖണ്ഡങ്ങൾ നിർവ്വികാരമായി നോക്കി നിന്നു. ആദ്യമാദ്യം ചോദ്യങ്ങളുണ്ടായിരുന്നവർക്ക് പിന്നീട് ഉത്തരങ്ങളില്ലാത്ത ഒരു ചോദ്യമായി മാറി ഈ വ്യാപനം.
ആരോഗ്യ പരിപാലനത്തിന് ക്വാറന്റൈൻ , ഐസൊലേഷൻ, സാമൂഹിക അകലം അങ്ങിനെ പ്രാഥമിക മുൻകരുതലുകളിൽ ലോകം അഭയം കണ്ടെത്തി. ഈ അസുഖത്തിന് ഒരു മരുന്ന് ആരെങ്കിലും കണ്ടുപിടിച്ചെങ്കിൽ എന്ന ആഗ്രഹം ഓരോ മനുഷ്യ മനസ്സുകളിലും ഇടം പിടിച്ചു. പക്ഷേ ഇതിനായി രാജ്യങ്ങൾ കൂട്ടായി ചില ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട് , എങ്ങിനെയാണ് ഈ COVID-19 മനുഷ്യ ശരീരത്തിൽ നിലകൊള്ളുന്നത്?, രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലാണ് COVID-19 കൂടുതൽ അപകടകാരിയെങ്കിൽ രോഗപ്രതിരോധ ശേഷിയുള്ള ഒരാളിൽ ആ പ്രതിരോധത്തിന് ഈ രോഗം വിള്ളലേൽപ്പിക്കുന്നുണ്ടോ?, മരിച്ചവരിൽ മറ്റ് അസുഖങ്ങൾ ഉള്ളവരെത്ര?, ഇല്ലാത്തവർ എത്ര , രോഗാവസ്ഥ മൂർച്ഛിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന ശരീര കോശങ്ങൾക്കുള്ളിലുണ്ടാകുന്ന ജനിതക മാറ്റങ്ങൾ എന്തെല്ലാം? അങ്ങിനെ പല ചോദ്യങ്ങൾക്കും ഉത്തരം നേടിയതിനു ശേഷം മാത്രമായിരിക്കാം ഒരു മരുന്ന് കണ്ടെത്താൻ സാധിക്കുന്നത്.
നമ്മുടെ എല്ലാം ചിന്തകൾക്കും, കാഴ്ച്ചപ്പാടിനും അപ്പുറം നടക്കുന്ന ചില പരീക്ഷണങ്ങളും, പഠനങ്ങളും, പഠന പാളിച്ചയും, ഒക്കെ ആയിരിക്കാം ചിലപ്പോൾ ഒരു രോഗാണു ഉടലെടുക്കാനും, പടരുന്നതിനും കാരണമായിത്തീരുന്നത്. ഇതെല്ലാം അറിയണമെങ്കിൽ രാജ്യങ്ങൾ ഒറ്റക്കെട്ടായി നില്ക്കണം, കഴുക കണ്ണുള്ളവരെ മാറ്റിനിർത്തി ഈ മഹാമാരിയുടെ പ്രയാണത്തെ വിശദമായി ഗ്രഹിക്കണം. ഒരു രാജ്യത്തിനും ഈ വിഷയത്തിൽ ഒറ്റപ്പെട്ട ശബ്ദത്തിന് അധികാരമില്ലെന്നും, മറിച്ച് കൂട്ടായ ഉത്തരവാദിത്തമാണ് വേണ്ടതെന്നും ഓർമ്മിപ്പിക്കുന്നു. ഈ സമയം നാം പോരാടേണ്ടത് മനുഷ്യ സൃഷ്ടിയായ ഒരു വൈറസിനോടോ, മൃഗങ്ങളിൽ നിന്നും വന്ന സൂക്ഷ്മാണുവിനോടോ, അല്ലങ്കിൽ എവിടെനിന്നു വന്നു എന്ന് പരിഷ്‌കൃത ലോകത്തിന് ഇനിയും കണ്ടെത്താൻ കഴിയാതിരിക്കുന്ന വികാര വിചാരങ്ങളില്ലാത്ത ഒരു അത്ഭുത സൂക്ഷ്മാണുവിനോടോ ആണെന്നോർക്കണം.
എന്തായാലും അസുഖങ്ങൾ ഭേദമാക്കാനുള്ള മരുന്നുകൾ കണ്ടുപിടിക്കാനുള്ള യജ്ഞത്തിൽ കളങ്കിതമായ ലാഭത്തിൻറെ മഞ്ഞളിപ്പിക്കുന്ന കണ്ണുകളുണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. മഹാമാരി വിതയ്ക്കുന്ന നഷ്ടങ്ങളോടൊപ്പം ഓരോ രാജ്യവും അവരവരുടെ ആഭ്യന്തര മെഡിക്കൽ റിസർച്ച് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരു തുറന്ന പഠനം ഈ കാര്യത്തിൽ നടത്തി, ആ വിവരം പൊതുജനങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കണമെന്നില്ല; പക്ഷെ ഓരോ രാജ്യത്തിനും അവരവരുടെ ആഭ്യന്തര ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഇത്തരം അന്വേഷണത്തിലൂടെ ലഭിക്കേണ്ടത് അനിവാര്യമാണ്.
ശുചിത്വ ശീലവും, വിഷവിമുക്തമായ ഭക്ഷണവും, ആരോഗ്യ പൂർണമായ അന്തരീക്ഷവും എന്നും നമുക്ക് നിലനില്‌ക്കട്ടെ, മരുന്ന് കമ്പനികൾ രോഗങ്ങളും, ജീവിത ശൈലിയും വരെ നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിൽ ഈ രോഗവ്യാപനവും അപകടകരമായ ഒരു കയ്യബദ്ധമാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.