കാക്കിയിട്ടവരും മനുഷ്യർ

Editorial

ലോകം കീഴടക്കിയ മഹാമാരി കടലുകൾ കടന്ന് ഇന്ത്യയിലും, നമ്മുടെ കൊച്ചു കേരത്തിലും അതിന്റെ കാർമേഘം പടർത്തിയിരിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം, നില്ക്കുന്നിടത്ത് തന്നെ നിലകൊള്ളണം, വീടുകളിൽ തുടരണം, സുരക്ഷിതായിരിക്കണം എന്നെല്ലാം ജനസുരക്ഷ കാംക്ഷിക്കുന്ന ഭരണകൂട സംവിധാനങ്ങൾ പറയുമ്പോളും, അശ്രദ്ധയുടെ തീക്കൊള്ളികൊണ്ട് താടി തടവിയിരിക്കുന്ന ഒരു വലിയ സമൂഹവും നമുക്കിടയിൽ നിലകൊള്ളുന്നു എന്നത് ജാഗ്രതയുടെ പടച്ചട്ടയ്ക്ക് വിള്ളൽ വീഴ്‌ത്തുന്ന ഘടകമായി കണക്കാക്കണം. എന്തുകൊണ്ടാണ് വിദ്യാഭ്യാസ സമ്പന്നരായ, ലോകവിവരം വിരൽതുമ്പിൽ ഉണ്ടെന്നു ഉത്‌ഘോഷിക്കുന്നവർ തന്നെ ഇത്തരം നിയമലംഘനങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്നു എന്നത് നാം ഒഴിവ് സമയങ്ങളിൽ ആലോചിച്ച് ഉത്തരം തേടേണ്ട കാര്യമാണ്. സർക്കാർ നിയമങ്ങൾ നടപ്പിലാക്കുന്നതിന് അതീവ ശ്രദ്ധയോടു കൂടി അവരവരുടെ കുടുംബത്തെയും, ജീവിത സാഹചര്യങ്ങളെയും മറന്നുകൊണ്ട് നമുക്കൊപ്പം നിലകൊള്ളുന്ന പൊലീസുകാരെ ഈ സമയം നന്ദിയോടെ സ്മരിക്കാം.


കേൾക്കാം നിങ്ങൾക്ക് ഈ എഡിറ്റോറിയൽ!

ഏതൊരു മലയാളിക്കും കാക്കിയോട് അഭിമാനം തോന്നുന്ന നിമിഷങ്ങൾ, എന്നാൽ ഈ കാലത്തും അവരോട് തട്ടിക്കയറിയും, അവനവന്റെ അഹങ്കാരം കാണിച്ചുകൊണ്ട് അവരോട് ധിക്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹവും നമുക്കുള്ളിൽ നിലനിൽക്കുന്നു എന്നത് മലയാളിയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. വിദേശ രാജ്യങ്ങളിൽ ഒരു റോഡ് പോലീസിന് തടയണമെങ്കിൽ ഒരു പോലീസ് വാഹനം വെറുതെ ഒന്ന് കുറുകെ ഇട്ടാൽ, യാതൊരു സംശയങ്ങളുമില്ലാതെ, കൗതുകത്തിൻറെ വികൃതിചോദ്യങ്ങൾ ഒന്നുമില്ലാതെ ആ നിയമത്തെ മാനിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന നാം മലയാളികൾ, നമ്മുടെ നാട്ടിൽ ഒരു പ്രത്യേക പെരുമാറ്റശൈലിയുടെ മേലങ്കിയണിഞ്ഞുകൊണ്ട് പോലീസിനോട് അനുസരണക്കേട് കാണിക്കുന്നത് ഖേദകരമായ സത്യമാണ്. ഈ നിയമം നടപ്പിലാക്കിയ നിമിഷം മുതൽ ഈ സമയം വരെ പോലീസ് തെരുവുകളിൽ ഇറങ്ങി ബോധവൽക്കരണങ്ങൾ നടത്തുന്നു, ആളുകളോട് വീടുകളിൽ തുടരാൻ നിർദ്ദേശിക്കുന്നു.

നമ്മളിൽ പലരും ഇവരെ യന്ത്രസമാനരായി കാണുന്നുണ്ടങ്കിലും ഇവരും നമ്മളെപ്പോലെ മനുഷ്യരാണ്; കുടുംബത്തിൻറെ വിഷമവും, പരാതികളും മനസ്സിലൊതുക്കി അവർ പൊതുജന സംരക്ഷണം എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭക്ഷണത്തിനായി ആഗ്രഹിക്കുന്ന പൊതുജനത്തിനായി ഭക്ഷണം കൊടുക്കാനും, കമ്മ്യൂണിറ്റി കിച്ചൻ നടത്തുവാനും, “നിങ്ങൾ വീട്ടിൽ തുടരൂ, സാധനങ്ങൾ ഞങ്ങളെത്തിക്കാം” എന്ന ആശയം മുന്നോട്ട് വയ്ച്ച് വീട്ടിൽ നിന്നും വിളിച്ച് പറഞ്ഞാൽ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരുവാനുള്ള വലിയ മനസ്സ് പങ്കിടാനും തുനിഞ്ഞിറങ്ങുന്നു. നമ്മളിൽ ചിലർ “അത് അവരുടെ ജോലിയാണ്” എന്ന രീതിയിൽ ലാഘവത്തോടെ കാണുന്നു; എന്നാൽ ഇതൊന്നും ശമ്പളം മാത്രം നോക്കി ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതിനെല്ലാം നല്ല മനസ്സുവേണം, തന്നെക്കാൾ പ്രധാനം പൊതുജനത്തിനാണ് എന്ന വലിയ ചിന്ത ഉള്ള ഒരാൾക്ക് മാത്രമേ ഒരു നല്ല പോലീസ് ആകാൻ സാധിക്കൂ എന്ന് തോന്നിപ്പോകുന്നു. ദേഷ്യത്തിൻറെ പരിധി പലരിലും വ്യത്യസ്തമായിരിക്കും, ആ ദേഷ്യത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന സമയത്താണ് പോലീസ് നിയന്ത്രണം പാലിക്കണം എന്ന താക്കീതിൽ ഭരണ കേന്ദ്രങ്ങൾക്ക് അവരെ തളച്ചിടേണ്ടി വരുന്നത്. ഇതിന് കാരണവും മറ്റൊന്നല്ല അവരും മനുഷ്യരാണ്, വികാര വിചാരങ്ങളുള്ള പച്ച മനുഷ്യർ.

പല ചിന്തകൾക്കും മാറ്റം വരുത്തുന്ന ഈ COVID കാലഘട്ടം നമ്മുടെ മനസ്സുകളിൽ സഹനത്തിന്റെയും, സഹവർത്തിത്വത്തിന്റെയും നല്ല മാറ്റങ്ങൾ കൊണ്ടുവരട്ടെ എന്ന് പ്രത്യാശിക്കുന്നതിനോടൊപ്പം അതിജീവനത്തിനായുള്ള കൂട്ടായ യജ്ഞത്തിൽ നമ്മോടൊപ്പം നിൽക്കുന്ന നമ്മുടെ കാക്കിപ്പടയ്ക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *