മനസ്സ് ഇരുളടയുന്നു

Editorial
മനസ്സ് ഇരുളടയുന്നു – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

വാർത്തകളുടെ അതിപ്രസരത്തിൽ നമ്മുടെയെല്ലാം മനസ്സുകൾക്ക് ഘനം സംഭവിച്ചിരിക്കുന്ന ഈ കാലത്തും ചില വാർത്തകൾ കേൾക്കുമ്പോൾ നമ്മളിലെ നിസ്സംഗഭാവത്തിനും കണ്ണീരിന്റെ നനവണിയുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഈറോഡിൽ 75 ദിവസ്സം മാത്രം പ്രായമായ പെൺകുഞ്ഞിനെ അവളുടെ സ്വന്തം പിതാവ് പീഡിപ്പിച്ചെന്ന പരാതി; മനസ്സിനെ വെറുങ്ങലിപ്പിക്കുന്ന ഇത്തരം വാർത്തകൾ വായിക്കുന്ന നമ്മുടെ മനസ്സുകൾക്ക് പ്രത്യേക ശക്തി വേണ്ടിവരുമെന്ന് പലപ്പോഴും തോന്നിപോകുന്നു.

വാർത്തകളെ ആലങ്കാരികമായി അവതരിപ്പിക്കുന്ന നൂതന മാധ്യമങ്ങൾക്ക് പോലും ഇത്തരം വാർത്തകൾ പറയുമ്പോൾ ശബ്ദത്തിലും, എഴുത്തിലും ഒരു വിറയൽ അനുഭവപ്പെടാറുണ്ടെന്നുള്ളത് വസ്തുതയാണ്. മാനസിക വൈകൃതത്തിലേയ്ക്ക് കാമക്കണ്ണുകൾ വഴിമാറുമ്പോൾ അവിടെ സംഭവിക്കാൻ പാടില്ലാത്തത് നടക്കുന്നു. വളരെ സൂക്ഷ്‌മമായ രീതിയിൽ ഇത്തരം കുറ്റകൃത്യങ്ങളെ മനഃശാസ്ത്രപരമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്, കാരണം വാത്സല്യവും, സംരക്ഷണവും നല്കേണ്ട കണ്ണുകൾ ഇത്രയും നീചമായ രീതിയിൽ ഒരു കുരുന്നു ശരീരത്തെ കാണുന്നുവെങ്കിൽ അതൊരു മനോരോഗമാണ്; അടിയന്തിരമായി ചികിത്സ ആവശ്യമുള്ള മനോരോഗം.

സ്വബുദ്ധിയെ വരെ മരവിപ്പിക്കുന്ന ലഹരി ഉപയോഗവും, അതിനെ തുടർന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങളും ആയിരിക്കാം ഇത്തരം കൃത്യങ്ങൾക്ക് പുറകിൽ; ഇവ കൃത്യമായി അറിയുന്നതിന് നമ്മുടെ നിയമവ്യവസ്ഥിതിയിൽ, മനഃശാസ്ത്ര വിദഗ്ദ്ധർ ഉൾപ്പെടുന്ന ഒരു കൺസൾട്ടിങ്ങ് സെൽ സംവിധാനം, കാലത്തിന്റെ ആവശ്യമായി നമ്മുടെ ഭരണ സംവിധാനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇന്നലെ ചങ്ങനാശേരിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും, തിരൂരിൽ ലഹരിക്കടിമയായി പിതാവിനെ മകൻ ക്രൂരമായി മർദ്ധിച്ച് കൊലപ്പെടുത്തിയതുമായ സംഭവങ്ങൾ ലഹരി എത്രമാത്രം നമ്മുടെ മനസ്സിനെ കയ്യടക്കി വച്ചിരിക്കുന്നു എന്നതിന് തെളിവുകളായി കാണാം.

ഒരു കുറ്റകൃത്യം എങ്ങിനെ ഉണ്ടായി, ആര് ചെയ്തു, എപ്പോൾ ചെയ്തു എന്നെല്ലാം പരിശോധിക്കുന്നതിനോടൊപ്പം, ‘എന്തുകൊണ്ട് സംഭവിച്ചു‘ എന്നുകൂടി പഠിക്കാനുള്ള സംവിധാനങ്ങൾ, ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും. ഒട്ടുമിക്ക കുറ്റകൃത്യങ്ങളും ഒരു ചെറിയ സമയംകൊണ്ട് സംഭവിക്കുതയാണ് വിദഗ്ദർ അഭിപ്രായപ്പെടാറുള്ളത്. ആ ചെറിയ സമയത്തെ മാനസിക വ്യാപാരങ്ങൾ പഠിച്ചെടുക്കേണ്ടത് ഭാവിയിലേക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കണക്കാക്കാം.

ഇതിനു മറുവശത്തായി കൃത്യമായ പദ്ധതികളിലൂടെ നടപ്പിലാക്കുന്ന കുറ്റകൃത്യങ്ങളും പെരുകുന്നു. തുറങ്കൽ നിയമവ്യവസ്ഥയ്ക്കൊപ്പം മനഃശാസ്ത്രപരമായി ഇത്തരം തെറ്റുകൾ ചെയ്യുന്നവരിലെ ദുഷിച്ച ചിന്തകൾ മാറ്റിയെടുക്കാനും നമ്മുടെ നിയമത്തിൽ സംവിധാനങ്ങളൊരുക്കണം. കഴിഞ്ഞ ദിവസം നമ്മുടെ സംസ്ഥാനത്ത് ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ ഒത്തുകളിച്ചതുകൊണ്ട് പ്രതിയ്‌ക്ക് ജാമ്യം ലഭിച്ച വാർത്തയും നാം ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്. കേസിൽ കുറ്റപത്രം നൽകിയില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഭാഗം ജാമ്യം നേടിയത്. ഈ സന്ദർഭത്തിൽ പ്രതിഭാഗത്തിന്റെ പരാമർശങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ നിലപാടുമാറ്റിയ പ്രോസിക്യൂഷൻ അക്ഷരാർത്ഥത്തിൽ നീതിന്യായ വ്യവസ്ഥയോട് ചെയ്തത് കൊടിയ വഞ്ചനയാണ്.

നിയമ സംവിധാനങ്ങൾ ബലപ്പെടുന്നതിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെടെയും മനസ്സും കുടുംബാന്തരീക്ഷങ്ങളും ശുചിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത്തരം കൃത്യങ്ങൾ തടയാനാകും. വസ്ത്രമോ, ആകാരവടിവോ, അക്രമ സ്വഭാവമോ, ഒന്നുമായിരിക്കണമെന്നില്ല ഇത്തരം ക്രൂരകൃത്യങ്ങൾക്ക് പിന്നിൽ, മറിച്ച് സൂക്ഷ്മമായ മാനസിക വെല്ലുവിളികളായിരിക്കാം എന്ന് നമ്മൾ തിരിച്ചറിയണം. അതുകൊണ്ട്, മനസ്സുകളെ കൂടി പഠിക്കുന്ന നിയമ സംവിധാനങ്ങൾ നമുക്കുള്ളിൽ വളർന്നു വരേണ്ടത് അത്യാവശ്യങ്ങളിൽ അത്യാവശ്യമായി കരുതണം.

Leave a Reply

Your email address will not be published. Required fields are marked *