കോറോണയുടെ പശ്ചാത്തലത്തിൽ ഗൾഫിലും വിദേശത്തുമായി ജീവിക്കുന്ന പ്രവാസി സമൂഹം അല്പം ആകുലതയിലാണ്. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ ചർച്ചകളും വാദപ്രതിവാദങ്ങളും മുറുകിക്കൊണ്ടിരിക്കുമ്പോളും, പ്രവാസികളുടെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളുടെയും വിഷമങ്ങൾ വളരെ വലുതാണെന്ന് നാം ഓർക്കണം. പ്രവാസ ജീവിതത്തിൽ ഇന്ന് കൂട്ടുകാർ തമ്മിൽ ചോദിക്കുന്ന ചോദ്യമിതാണ് , “എന്നാണ് ഇനി വീട്ടിലേയ്ക്ക് !“. നാട്ടിൽ ചെന്നാൽ 14 മുതൽ 28 ദിവസം വരെ സർക്കാർ നിർദ്ദേശിക്കുന്ന COVID കെയർ ഹോമുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷം മാത്രമേ ഒരുപക്ഷെ വീട്ടിലെത്താൻ കഴിയു എന്ന കാര്യം എല്ലാവർക്കും അറിയാം. എങ്കിലും ചോദ്യം ഇത് തന്നെയാണ് “വീട്ടിലേയ്ക്ക് എന്ന് പോകുന്നു…“
ഈ ചോദ്യം ചോദിക്കുകയും എന്ത് മറുപടി പറയണം എന്നറിയാതെ കൈമലർത്തുകയും ചെയ്യുന്നു പ്രവാസികളിൽ പലരും. വിസിറ്റ് വിസ പുതുക്കാൻ സമയം നീട്ടി കിട്ടിയിട്ടും അതുവരെ വിശപ്പടക്കാൻ പണം കയ്യിലില്ലാത്തവർ, ഓഫീസുകൾ അടഞ്ഞു കിടക്കുന്നതിനാൽ ശമ്പളം മുടങ്ങി റൂം വാടക കൊടുക്കാനില്ലാത്തവർ, ഗൾഫ് കാണിക്കാനായി മാതാപിതാക്കളെ കൊണ്ടുവന്നവർ, നാട്ടിൽ നിന്നും പതിവ് മരുന്ന് ലഭിക്കാതെ രോഗം മൂർച്ഛിച്ചവർ, വീടിന്റെ സുരക്ഷിതത്വം കൊതിക്കുന്ന ഗർഭിണികൾ, നാട്ടിൽ രോഗികളായ മാതാപിതാക്കളുള്ളവർ, ഡിസ്ക്കിന്റെ തേയ്‌മാനത്തിനും, വെള്ളെഴുത്തിനും, കാഴ്ചക്കുറവിനും, ഹൃദ്രോഗത്തിനും, കാൻസറിനും വരെ നാട്ടിൽ ചികിത്സ നിശ്ചയിച്ചവർ, നാട്ടിലുള്ളവരെക്കുറിച്ച് മാനസിക സംഘർഷം അനുഭവിക്കുന്നവർ, പൊതുമാപ്പ് ലഭിച്ചവർ, ഇവരെല്ലാം തന്നെ തമ്മിൽ തമ്മിൽ, അല്ലങ്കിൽ തന്നോടുതന്നെ ചോദിക്കുന്നു; “വീട്ടിലേക്കിനി എന്ന് മടക്കം!”.
ഈ ചോദ്യങ്ങളെല്ലാം ബാക്കിയാക്കി നമ്മുടെ സഹോദരങ്ങളിൽ ചിലർ നാട്ടിലുള്ള സ്വന്തം രക്തത്തെയും ഉറ്റവരെയും കാണാനാകാതെ എന്നേയ്ക്കുമായി ഈ യുദ്ധത്തിൽ പൊരുതിത്തോറ്റ് ഇതിനോടകം ഈ മണ്ണിനോട് ചേർന്ന് കഴിഞ്ഞു. യാത്രാ വിമാനങ്ങൾ ഇല്ലാത്തതിനാൽ നാട്ടിലേ മണ്ണിൽ ഉറങ്ങണമെന്ന അവസാനാഗ്രഹം നടക്കാതെ പോയവർ. കുറച്ചു പേരുടെ മൃതദേഹമെങ്കിലും കാർഗോ വിമാനങ്ങൾ വഴി നാട്ടിലെത്തിക്കാൻ പ്രയത്‌നിച്ച പ്രവാസികൾ ഈ സമയം പ്രത്യേകമായ ആദരവ് അർഹിക്കുന്നു.
ഉറ്റവർക്ക് ഒരു നോക്കുകാണാതെ, രണ്ടു തുള്ളി കണ്ണീർ പൊഴിക്കാതെ, ഉറ്റവരുടെ ഒരു അന്ത്യചുംബനം പോലും ലഭിക്കാതെ ഈ ഭൂമിവിട്ട് പോകാൻ വിധിക്കപ്പെട്ടവർ. കൊറോണ കാലത്ത് നാട്ടിൽ തുടരാൻ നിർബന്ധിതരായ പ്രവാസികൾക്ക് വിവിധ തലങ്ങളിലായി സർക്കാർ നൽകുന്ന പിന്തുണയ്ക്കും സഹായങ്ങൾക്കും നന്ദി. ഒപ്പം കേന്ദ്ര സർക്കാരിന് മുന്നിൽ പ്രവാസികളെ കൈവിടരുതെന്നു ഒരു എളിയ അഭ്യർത്ഥന മുന്നോട്ട് വയ്ക്കുന്നു. എല്ലാ പ്രവാസികളെയും ഒറ്റയടിക്ക് നാട്ടിലെത്തിക്കണമെന്നല്ല; 95% പ്രവാസികളും ഗൾഫിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരോ, അതിനു കഴിയുന്നവരോ ആയിരിക്കാം. എന്നാൽ ഈ ഭൂരിഭാഗത്തിനും പ്രതിസന്ധികൾ ഒന്നും ഇല്ലെന്നല്ല, പക്ഷെ തത്ക്കാലം പിടിച്ച് നിൽക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടെന്നു മാത്രം.
എന്നാൽ സാമ്പത്തിക ഞെരുക്കം, തൊഴിൽ നഷ്ടം, ചികിത്സാ സംബന്ധമായ പ്രശ്നങ്ങൾ, പ്രായാധിക്യം എന്നീ വെല്ലുവിളികളാൽ തളരുന്ന പ്രവാസി സമൂഹത്തെയെങ്കിലും നാട്ടിലെത്തിക്കാനുള്ള ഒരു ദ്രുതഗതിയിലുള്ള നടപടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു. ഇത് പ്രവാസികൾ ഈ കൊറോണ ഭീതികൊണ്ട് ഉന്നയിക്കുന്ന ആവശ്യമായി കണക്കാക്കേണ്ടതില്ല, പ്രത്യുത പ്രവാസികൾ എത്രമേൽ ബുദ്ധിമുട്ടുന്നു എന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം.
മൂന്നരക്കോടി ജനങ്ങളെ COVID -19 എന്ന മഹാമാരിയിൽ നിന്നും സംരക്ഷിച്ചു നിർത്തിയ സംസ്ഥാന സർക്കാരിന് നാട്ടിലെത്തുന്ന പ്രവാസികളെയും സംരക്ഷിക്കാൻ കഴിയും; അതിനുള്ള സന്നദ്ധത കേരളം വ്യക്തമാക്കി കഴിഞ്ഞു എന്നത് പ്രത്യാശ നൽകുന്നു. കേന്ദ്രത്തിനു കേരള സംസ്ഥാനത്തിന് മാത്രമായി ഒരു തീരുമാനമെടുക്കാൻ ധാർമ്മിക പ്രതിസന്ധിയുണ്ടാകാം, എങ്കിലും ഒരു നാട് മുഴുവൻ ഉറ്റവർക്കായി കാത്തിരിക്കുമ്പോൾ അനുകൂലമായ തീരുമാനം എല്ലാ തലത്തിൽ നിന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു.