തളരരുത്. മുന്നോട്ട് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

Editorial
തളരരുത്. മുന്നോട്ട് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

കേൾവിയും കാഴ്ച്ചയും കൂടുമ്പോൾ മനസ്സിന് കൂടുതൽ തെളിച്ചം വയ്ക്കുന്നതിന് പകരം തികഞ്ഞ അന്ധത ബാധിക്കുന്നു എന്നതു പോലെയാണ്, നിമിഷങ്ങളുടെ പിരിമുറുക്കത്തിൽ മനുഷ്യ മനസ്സുകൾ നിയന്ത്രണാധീതമായി ആത്മഹത്യയ്ക്ക് മുൻപിൽ കീഴടങ്ങുന്നത്. ഇന്ന് കാണുന്ന പല അക്രമങ്ങളും, ആത്മഹത്യകളും ഒരുപാട് കണക്ക് കൂട്ടലുകളോടെ നടക്കുന്ന ഒന്നല്ല, മറിച്ച് ഒരു നിമിഷത്തെ ഇരുളടഞ്ഞ മനസ്സിൽ രൂപപ്പെടുന്ന ചിന്തയിൽ നിന്നും തെറ്റായ തീരുമാനങ്ങൾ ഉടലെടുക്കുന്നു എന്നുവേണം വിലയിരുത്താൻ.

പണ്ടെല്ലാം ഏതൊരു വിഷയമായാലും അത് തുറന്ന് ചർച്ച ചെയ്യുന്നതിൽ ഒരു പക്വതയുള്ള രഹസ്യസ്വഭാവമുണ്ടായിരുന്നു. മനസ്സിന്റെ പിരിമുറുക്കങ്ങൾ അകറ്റി ഉപദേശങ്ങളും, സാന്ത്വനവും നൽകാൻ നല്ല കൂട്ടുകാരും, ഉറ്റവരും നമുക്ക് ചുറ്റും അന്നുണ്ടായിരുന്നു. ഇന്നില്ല എന്നല്ല, പക്ഷെ പ്രതലങ്ങൾ കൂടുമ്പോൾ വ്യക്തത കുറയുന്നു. “ഇനി എന്ത്?” എന്ന ചോദ്യത്തിന് മാത്രം വ്യക്തമായ ഉത്തരം ലഭിക്കാതെ വരുമ്പോൾ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നതും അതുകൊണ്ടായിരിക്കാം. മരണങ്ങൾ കൊണ്ട് ചോദ്യം ചോദിക്കുകയും, എന്നാൽ വ്യക്തമായ ഉത്തരം അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ലഭിച്ചോ എന്ന ഉറപ്പ് ജീവിക്കുന്നവർക്ക് തന്നെ ലഭിക്കുന്നില്ല എന്നതാണ് സത്യം. നമുക്ക് മുന്നിലുള്ള കർഷകാത്മഹത്യകളും, ജീവനോബാധിയെ ബാധിക്കുന്ന വിഷയങ്ങളിൽ മനം നൊന്ത് സ്വയം ജീവൻ വെടിയുന്നവരും ഇതിനുദാഹരണങ്ങൾ മാത്രം. ആത്മഹത്യാ പ്രവണതകൾ കൂടുന്നത്, സാമൂഹിക അവബോധം വേണ്ടത്ര ഈ വിഷയത്തിൽ നടക്കുന്നില്ല എന്നത് കൊണ്ടാണ്. എഴുത്ത് പരീക്ഷയിൽ മാർക്ക് കുറഞ്ഞവർ മുതൽ പ്രേമ നൈരാശ്യവും, പട്ടിണിയും, സാമ്പത്തിക പിരിമുറുക്കങ്ങളും ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്ന വിവിധ ഘടകങ്ങളായി മാറുന്നു. ഇത്തരം ആത്മഹത്യാ പ്രവണതകൾക്ക് ശമനം സാധ്യമാകണമെങ്കിൽ സമൂഹത്തിൽ ആത്മഹത്യാ നിർമ്മാർജ്ജന അവബോധം വളർന്നു വരേണ്ടതുണ്ട്.

2003 സെപ്റ്റംബർ 10 -ന് “The International Association for Suicide Prevention” എന്ന സംഘടന ലോകാരോഗ്യ സംഘടന, “World Federation for Mental Health” എന്നിവരുമായി സംയുക്തമായി ചേർന്ന് ആത്മഹത്യാ പ്രതിരോധ ദിനം, അഥവാ “World Suicide Prevention Day”-ക്ക് രൂപം കൊടുത്തു. ആത്മാഹത്യയിലേക്ക് വഴിതെളിക്കുന്ന കാരണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായും, യുവാക്കളും, കുട്ടികളും, സ്ത്രീകളുമടങ്ങുന്ന സമൂഹത്തിൽ ആത്മഹത്യാ പ്രവണതകൾ കുറയ്ക്കുന്നതിനായി രാജ്യങ്ങൾ ശ്രദ്ധ ചെലുത്തുന്നതിനായും ഈ കർമ്മസമിതി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. അമിതമായ മയക്ക്മരുന്ന് ഉപയോഗവും, പരിഹാരങ്ങളെക്കാൾ പ്രശ്നങ്ങൾക്ക് ഊന്നൽ നല്കിയുള്ള ചിന്തകളും സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനു കരണമാകുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത്, ഓരോ 40 സെക്കന്റിലും ഒരു ജീവൻ ആത്മഹത്യയ്ക്ക് കീഴടങ്ങുന്നു എന്നാണു ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു നിമിഷത്തെ ആലോചനാബുദ്ധിയിൽ തിരിച്ചുപിടിക്കാൻ കഴിയുന്ന ജീവിതങ്ങളായിരിക്കാം, ഒരുപക്ഷെ മനസ്സുകളിൽ ഇരുൾ പടർന്ന് വിടപറയുന്നത്. അത് കൊണ്ട് മനസ്സിന്റെ ധൈര്യം കൈവെടിയേണ്ട സാഹചര്യം ഉണ്ടാവരുത്, കാരണം ജീവിതം ഇനിയും മുന്നോട്ട് പോകാനുണ്ട് എന്ന ഉത്തമ ബോധ്യത്തിൽ പരിഹാരങ്ങൾക്കായി പ്രയത്നിക്കാൻ ഈ തീരുമാനം ഊർജ്ജം നൽകും.

Leave a Reply

Your email address will not be published. Required fields are marked *