വീടുകളിൽ കഴിയാം, എന്നാൽ വീടില്ലാത്തവരോ?

Editorial

COVID-19 എന്ന മഹാവ്യാധിയെ ചെറുക്കുന്നതിന്റെ ഭാഗമായി ലോകം മുഴുവനും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു, വർഷങ്ങൾക്കിപ്പുറം നമ്മുടെ രാജ്യവും നിശ്ചലമാകേണ്ട നിർബന്ധിത സാഹചര്യത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. തിരക്ക് പിടിച്ച ഇന്നത്തെ ജീവിതശൈലിയിൽ നാം വളരെ കുറച്ച് സമയം മാത്രം ചിലവിടുന്ന നമ്മുടെ വീടുകളിൽ കഴിയാനും, വീട്ടുകാരുമൊത്ത് സമയം ചിലവിടാനും ഈ സാഹചര്യം നമ്മെ നിർബന്ധിക്കുന്നു.


കേൾക്കാം നിങ്ങൾക്ക് ഈ എഡിറ്റോറിയൽ!

സ്ഥിതി ഇങ്ങിനെയൊക്കെയാണെങ്കിലും എതിരഭിപ്രായത്തിനും, അനുസരണക്കേടിനും ഇപ്പോഴും ചിലർ സമയം കണ്ടെത്തുന്നു എന്നത് ദൗർഭാഗ്യകരം. കുറച്ച് ദിവസം, ഈ രോഗതീക്ഷണത കുറയുന്നതുവരെ നാം വീടുകളിൽ തന്നെ തുടരേണ്ടത്‌ എതിർപ്പുകളില്ലാത്ത നിർബന്ധമായി കണക്കാക്കേണ്ടതുണ്ട്. എന്നാൽ ഈ സമയം നാം ഓർക്കേണ്ട ഒരു വിഭാഗവുമുണ്ട് നമ്മുടെ സമൂഹത്തിൽ; വീടില്ലാത്തവർ, അല്ലങ്കിൽ സ്വന്തം വീടുകളിൽ നിന്നും പുറംതള്ളപ്പെട്ടവർ, തെരുവുകളിൽ അന്തിയുറങ്ങുന്നവർ.

നാം തിരക്ക് പിടിച്ച് പായുന്ന തെരുവുകളിൽ അന്തിയുറങ്ങുന്നവർ, ഭിക്ഷയാചിക്കുന്നവർ, പ്രാർത്ഥനാലയങ്ങളുടെ മുന്നിൽ കൈനീട്ടുന്നവർ അങ്ങിനെ തലചായ്ക്കാൻ ആകാശം മേല്ക്കൂരയായി കണക്കാക്കുന്ന ഒരു സമൂഹവും നമുക്കിടയിലുണ്ട്. ദൗർഭാഗ്യം കൊണ്ട് വൃത്തിഹീനമായ സാഹചര്യങ്ങളിലേക്ക് തള്ളിനീക്കപ്പെട്ട ഇവർ, വിശപ്പും ദാഹവും നമ്മോളം തന്നെയുള്ള, മജ്ജയും മാംസവും ഉള്ള പച്ച മനുഷ്യർ തന്നെയാണ് എന്ന ചിന്ത നമ്മളിൽ പലരും മറന്നു പോകുന്നു.

ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ഇത്തരത്തിലുള്ള സമൂഹത്തെ കൂടി നാം ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടതുണ്ട്. കാരണം രോഗം അവർക്ക് വന്നാലും സമൂഹവ്യാപനത്തിനു അത് കാരണമായേക്കാം. എല്ലാം സീസൺ നോക്കി കച്ചവടം ചെയ്യുന്ന ഭിക്ഷാടന മാഫിയ എന്ന ലാഭകാംക്ഷികൾ പോലും ഇവരെ നടതള്ളിയ അവസരമാവാം ഇത്. അത് കൊണ്ട് ഇത്തരത്തിൽ നമ്മുടെ തെരുവുകളിൽ അഭയം കണ്ടെത്തുന്നവർക്കായി വിശപ്പടക്കാനുള്ള മാർഗ്ഗം ഈ വരും ദിവസങ്ങളിൽ നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് ചെയ്യുവാൻ കഴിയും എന്ന് ഈ ഘട്ടത്തിൽ പ്രത്യാശിക്കുന്നു. മുഖ്യമന്ത്രി ഇതേക്കുറിച്ച് ഇന്നലെ പരാമർശിച്ചതും ആശ്വാസകരമാണ്.

പലപ്പോഴും തെരുവിൽ കിടക്കുന്നവർക്ക് പലർക്കും വിലാസങ്ങളില്ല, അവരെ നമ്മൾ എന്നും കാണുന്നവരായി കണക്കാക്കുമെങ്കിലും ഇവർ എവിടെനിന്നു വന്നെന്നോ, എങ്ങിനെ ഈ ജീവിതാന്തരീക്ഷത്തിൽ എത്തിച്ചേർന്നെന്നോ തിരക്കുകൾക്കിടയിൽ നാം സൗകര്യപൂർവ്വം ചിന്തിക്കാൻ മറന്നു പോകുന്നു. ഇത്തരത്തിൽ പ്രത്യേക വിലാസമില്ലാതെ തെരുവുകളിൽ അന്തിയുറങ്ങുന്നവരെ പലരെയും കാണാതാവുന്നു, അല്ലങ്കിൽ “സാമൂഹ്യവിരുദ്ധർ” എന്ന് ശീർഷകം നല്‌കി നമ്മൾ വിളിക്കുന്നവരുടെ ക്രൂരതയ്ക്ക് ഇരയാകുന്നു, ലഹരി വില്പനക്കാരും, മനുഷ്യക്കച്ചവടക്കാരും, അവയവ കച്ചവടക്കാരും ഈ തെരുവിൽ അന്തിയുറങ്ങുന്നവരെ അവരുടെ കൊള്ളരുതായ്മകൾക്ക് മറയാക്കാനും ഉപയോഗിക്കുന്നു.

നമ്മുടെ പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഘട്ടത്തിൽ ഒരു സ്ട്രീറ്റ് ഓഡിറ്റ് അഥവാ തെരുവിൽ കഴിയുന്നവരുടെ കണക്കെടുക്കാൻ കൂടി കഴിഞ്ഞാൽ ചിലപ്പോൾ ഇവരിൽ പലർക്കും അവരവരുടെ വീടുകളിൽ അഭയം ലാഭിക്കാം, പല സന്നദ്ധ സേവന കേന്ദ്രങ്ങളും അവരെ ഏറ്റടുത്തേക്കാം. പരസ്പ്പരം കരുതലാകേണ്ട ഈ സമയത്ത് നമുക്ക് ഇത്തരമൊരു ഓഡിറ്റ് സംവിധാനം നടത്താനായാൽ ഒരു പരിധി വരെ തെരുവുകളിൽ നടതള്ളുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിഞ്ഞേയ്ക്കാം.

അവരും സമൂഹത്തിന്റെ ഭാഗമാണ് എന്ന ചിന്തയിൽ നിന്നാണ് നാം ഈ വിഷയം ഇന്നവലോകനം ചെയ്തത്. ദൈനം ദിന ജീവിതം കരുപിടിപ്പിക്കാൻ പായുന്ന ദിവസവേതനക്കാരെയും മറന്നിട്ടില്ല, പക്ഷെ എന്ത് ചെയ്യാനാകും, വലിയവനെന്നോ ചെറിയവനെന്നോ ഈ വ്യാധിക്ക് മുന്നിൽ മാറ്റമില്ലല്ലോ! അത് കൊണ്ട് ഒരു നല്ല നാളേയ്ക്കായി നമുക്ക് മുന്നിൽ ഉണ്ടായിരിക്കുന്ന ഈ താത്‌കാലിക ജീവിത വെല്ലുവിളിയെ നേരിടാം. ഈ സമയവും കടന്നു പോകും, നമ്മൾ അതിജീവിക്കും എന്ന ശുഭപ്രതീക്ഷ എല്ലാവരിലും ഉണ്ടായിരിക്കണം; കൂട്ടത്തിൽ നാം ഓരോരുത്തരും ഈ പ്രതിരോധത്തിൽ പങ്കാളികളായി നിയമത്തെ മാനിച്ച്, ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അനുസരിച്ച് സധൈര്യം മുന്നോട്ട് പോകണം…

മനസ്സുകൾ ഒന്നായി ശാരീരികാകലം പാലിക്കാം… വീണ്ടും ഓർമ്മപ്പെടുത്തട്ടേ ശുചിത്വം പരമപ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *