പതിനാറാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് 2024 ജനുവരി 31, ബുധനാഴ്ച ആരംഭിച്ചു. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേളയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
2024 ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെയാണ് പതിനാറാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ സംഘടിപ്പിക്കുന്നത്.
ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ചാണ് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് നടക്കുന്നത്. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ പിന്തുണയോടെയാണ് ഈ മേള നടത്തുന്നത്.
1991-ലെ ബുക്കർ പ്രൈസ് ജേതാവ് സർ. ബെൻ ഒക്രി, എഴുത്തുകാരി ക്ലോഡിയ റാങ്കിന്, കുവൈറ്റി നോവലിസ്റ്റ് സഊദ് അൽ സനൗസി എന്നിവർ പങ്കെടുത്ത പ്രത്യേക നൈറ്റ് ഓഫ് റീഡിങ് പരിപാടിയോടെയാണ് മേള ആരംഭിച്ചത്. തങ്ങളുടെ സാഹിത്യ ജീവിത യാത്രയിലെ വിവിധ അനുഭവങ്ങൾ ഇവർ വേദിയിൽ പങ്ക് വെച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ, ചിന്തകർ തുടങ്ങിയവർ ഈ അന്താരാഷ്ട്ര സാഹിത്യ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാഗമായി സാഹിത്യ സംഗമങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പടെ 160-ൽ പരം പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്.
WAM