ദുബായ് കലിഗ്രഫി ബിനാലെ: കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

featured GCC News

നൂതനമായ ഏതാനം കലാരൂപങ്ങളിലൂടെ കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു. 2023 ഒക്ടോബർ 14-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

‘കലിഗ്രഫി റീഡിഫൈൻഡ്: എ പെർസ്‌പെക്ടീവ് ഇൻ പ്ലേ’ എന്ന പേരിലുള്ള ഈ പ്രത്യേക എക്സിബിഷൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ഗേറ്റ് അവന്യൂവിലെ AWC ഗാലറിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രഥമ ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായാണ് ഈ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 കലാകാരന്മാരുടെ 22 കലാരൂപങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Source: Dubai Media Office.

പരമ്പരാഗത മുദ്രണകല, കലിഗ്രഫി എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് കലാരൂപങ്ങൾ ഒരുക്കുന്നതിൽ സന്ദർശകർക്ക് പരിശീലനം നൽകുന്നത് ലക്ഷ്യമിടുന്ന പരിശീലനക്കളരികൾ, മറ്റു പ്രദർശനങ്ങൾ മുതലായവയും DIFC-യിലെ ഗേറ്റ് അവന്യൂവിൽ ഈ എക്സിബിഷനോടൊപ്പം സംഘടിപ്പിക്കുന്നതാണ്. കരകൗശലവസ്തുക്കളുടെ നിർമ്മാണം, നൂൽ, തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ത്രിമാന കലാരൂപങ്ങളുടെ നിർമ്മാണം മുതലായവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തിരുന്നു.

ഈ ബിനാലെ 2023 ഒക്ടോബർ 31 വരെ നീണ്ട് നിൽക്കും. ഒരു കലാരുപം എന്ന നിലയിൽ കലിഗ്രഫിയ്ക്കുള്ള സവിശേഷത, അറബിക് സംസ്കാരത്തിൽ കയ്യെഴുത്ത്‌, കൈയെഴുത്തുശാസ്‌ത്രം എന്നിവയ്ക്കുള്ള പ്രാധാന്യം എന്നിവ ഈ ബിനാലെ ചൂണ്ടിക്കാട്ടുന്നു.

ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായി യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം നേരത്തെ അൽ ഷിന്ദഗ മ്യൂസിയത്തിന്റെ വിസിറ്റർ സെന്ററിൽ ആരംഭിച്ചിരുന്നു.

Cover Image: Dubai Media Office.