പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈർഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലർ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോവിഡ് 19 ലോകമാകെ പടർന്ന രോഗമാണ്. ഇതിൽ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. ലോകമെങ്ങും നമ്മുടെ സഹോദരങ്ങളുണ്ട്. മണലാരണ്യത്തിൽ അവർ കഠിനമായി അധ്വാനിക്കുന്നതിന്റെ കാശിലാണ് നാം കഞ്ഞികുടിച്ച് നടക്കുന്നതെന്ന കാര്യം മറക്കാൻ പാടില്ല.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭൂരിപക്ഷം പേരും ന്യായമായ പ്രതിരോധ നടപടി സ്വീകരിച്ചു. ഇപ്പോഴും വിദേശത്ത് കഴിയുന്ന പ്രവാസി സഹോദരങ്ങൾക്ക് സ്വാഭാവികമായും നാട്ടിലെ കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടാവും. അവർക്കാർക്കും ഉത്കണ്ഠയുടെ ആവശ്യമില്ല. നിങ്ങൾ അവിടെ സുരക്ഷിതരായി കഴിയുക. കുടുംബം ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്ന ഉറപ്പ് പ്രവാസി ലോകത്തിന് നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ ഈ അവസരത്തിൽ സംഭാവന ലഭിക്കുന്നുണ്ട്. കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ ഒരു കോടി രൂപ നൽകി. സർക്കാർ ജീവനക്കാരുടെ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. മുമ്പ് പ്രതിസന്ധി നേരിട്ടപ്പോൾ ഭൂരിപക്ഷം ജീവനക്കാരും സഹകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചട്ടപ്രകാരം ഈ മാസം 20ന് കാലാവധി പൂർത്തിയാക്കിയ പി. എസ്. സി ലിസ്റ്റുകൾ ജൂൺ 20 വരെ നീട്ടുമെന്ന് പി. എസ്. സി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18.06.2020 വരെ കാലാവധി തീരുന്ന എല്ലാ പി. എസ്. സി റാങ്ക് ലിസ്റ്റുകളും 19.06.2020 വരെയോ ഈ തസ്തികയിൽ പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയാവും കാലാവധി. കരാർ, താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം വാങ്ങാൻ പോകുന്നതിന് യാത്രാ ഇളവ് നൽകിയിട്ടുണ്ട്. ശാരീരിക അകലം പാലിച്ച്, ആവശ്യമായ രേഖകൾ കൈയിൽ കരുതി വേണം പോകേണ്ടത്. ഈ മാസം 31ന് വിരമിക്കുന്നവർ ഔപചാരിക ചാർജ് കൈമാറ്റം നടന്നില്ലെങ്കിലും റിട്ടയർ ചെയ്തതായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്ക് ഇന്റർനെറ്റ് അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഉൾവനങ്ങളിൽ കഴിയുവന്നരുടെ ഉത്പന്നങ്ങൾ വാങ്ങാനും അവശ്യ സാധനങ്ങൾ എത്തിക്കാനും പട്ടികവർഗ വകുപ്പും വനംവകുപ്പും സംയുക്ത നടപടി സ്വീകരിക്കും.
ചില സ്വകാര്യ ആശുപത്രികൾ സ്റ്റാഫ് നഴ്സുമാരെ മൂന്നു ദിവസം ജോലി എടുപ്പിച്ച ശേഷം നാലു ദിവസം ശമ്പള രഹിത അവധി നൽകുന്നതായി പരാതിയുണ്ട്. അത് വസ്തുതയാണെങ്കിൽ നടപടി ശരിയല്ല. ഇക്കാര്യം സ്വകാര്യ ആശുപത്രികളുമായി സംസാരിക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
21നും 60നുമിടയിൽ പ്രായമുള്ളവരുടെ യാത്രാപാസ് പരിശോധനയ്ക്ക് പോലീസിന് മൊബൈൽ വേരിഫിക്കേഷൻ സംവിധാനം വേണ്ടിവരും. കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിക്ക് സമീപം വീട് ലഭിച്ചിട്ടില്ലെങ്കിൽ പകരം ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കും. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനകൾക്ക് ആവശ്യമായ പട്ട കൊണ്ടുവരുന്നതിനുള്ള സൗകര്യം ഒരുക്കും. ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് പേ ചാനലുകൾ സൗജന്യമായി നൽകി സാമൂഹിക പ്രതിബദ്ധത കാട്ടണമെന്നാണ് ചാനൽ ഉടമകളോട് അഭ്യർത്ഥിക്കാനുള്ളത്.
കുടുംബശ്രീ മുഖേനയുള്ള വായ്പ പദ്ധതി ഉടൻ പ്രാവർത്തികമാക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിൽ അവർ ഉറപ്പുനൽകി. എ. ടി. എമ്മുകളിൽ കൃത്യമായി പണം നിറയ്ക്കും. ബാങ്ക് ജീവനക്കാർക്ക് ആവശ്യമെങ്കിൽ സ്പെഷ്യൽ പാസ് നൽകും. കോവിഡ് 19 ന്റെ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആയുർവേദം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് കേരളത്തിലെ പ്രമുഖ ആയുർവേദ ചികിത്സകരുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ഇതു സംബന്ധിച്ച് നിർദ്ദേശം അവർ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നൽകും. അടുത്ത അധ്യയന വർഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ചില വിദ്യാലയങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കാസർകോട് ജില്ലയിലേക്ക് ആവശ്യമായ ഡയാലിസിസ് യൂണിറ്റുകൾ ഉടൻ സ്ഥാപിക്കുന്നതിന് സഹായിക്കാമെന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർക്ക് വിനിയോഗിക്കുന്നതിനായി യുനിസെഫ്് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കർണാടക അതിർത്തി തുറക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.