എക്സ്പോ 2020 ദുബായ് ആരംഭിച്ചു; ഉദ്ഘാടന ചടങ്ങിൽ H.H. മുഹമ്മദ് ബിൻ റാഷിദും H.H. മുഹമ്മദ് ബിൻ സായിദും പങ്കെടുത്തു

GCC News

ദുബായിൽ വെച്ച് നടക്കുന്ന ലോക എക്സ്പോ മേളയായ എക്സ്പോ 2020, 2021 സെപ്റ്റംബർ 30, വ്യാഴാഴ്ച്ച വൈകീട്ട് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ 2020 ദുബായ് എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇരുവരും എക്സ്പോ 2020-യിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും, സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ അഭിവാദ്യങ്ങൾ അറിയിച്ചു.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽ ഐൻ മേഖല പ്രതിനിധി H.H. ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ, മിനിസ്റ്റർ ഓഫ് ഇന്റീരിയർ H.H. ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് മിനിസ്റ്റർ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി നിരവധി പ്രമുഖർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

എക്സ്പോ 2020-യുടെ തുടക്കം യു എ ഇയ്ക്ക് ഒരു ചരിത്ര നിമിഷമാണെന്ന് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു. ആത്മസമര്‍പ്പണം, അത്യുത്സാഹം, സ്വാഭിമാനം എന്നിവയിൽ ഊന്നിക്കൊണ്ട് ഈ മേള ഒരു വിജയമാക്കാൻ പ്രയത്നിച്ച മുഴുവൻ പേരുടെയും ഒത്ത്‌ചേർന്നുള്ള പരിശ്രമം ഫലം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. 192 രാജ്യങ്ങളിൽ നിന്നുള്ള വിവിധ സംസ്കാരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താനായതിൽ മുഴുവൻ രാജ്യത്തിനും അതിയായ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഈ ഉദ്‌ഘാടന വേളയിൽ ലോക എക്സ്പോ സാധ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ പേർക്കും, എന്റെ സഹോദരൻ മുഹമ്മദ് ബിൻ റാഷിദിനും ഞാൻ അഭിനന്ദനം അറിയിക്കുന്നു. ഈ മേളയുടെ വിവിധ അനുഭവങ്ങൾ അറിയുന്നതിനായി അടുത്ത ആറ് മാസം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നെത്തുന്നവരെയും യു എ ഇ സ്വാഗതം ചെയ്യുന്നതാണ്. 192 രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക വൈവിധ്യങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ എക്സ്പോ 2020 ദുബായ് യു എ ഇ എന്ന രാജ്യം മുന്നോട്ട് വെക്കുന്ന സഹിഷ്‌ണുത, സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം തുടങ്ങിയ ധര്‍മ്മചിന്തകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി അതി ഗംഭീരമായ ഓഡിയോവിഷ്വൽ പ്രദർശനങ്ങൾ, കലാപരിപാടികൾ മുതലായവ അരങ്ങേറി. എക്സ്പോ 2020 ദുബായ് വേദിയുടെ ഹൃദയഭാഗമായ അൽ വാസൽ പ്ലാസയിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയാണ് ഈ ഉദ്ഘടന ചടങ്ങ്.

യു എ ഇയിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പ്രശസ്ത കലാകാരൻമാർ ചടങ്ങിൽ പങ്കെടുത്തു. ‘മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന എക്സ്പോ സന്ദേശത്തിലൂന്നിയാണ് കലാപരിപാടികൾ ഒരുക്കിയിരുന്നത്.

ഈ മെഗാ ഇവന്റ് 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ആറ് മാസം നീണ്ട് നിൽക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. സുസ്ഥിരത, ചലനാത്മകത, അവസരങ്ങൾ എന്നീ മൂന്ന് തത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കിയിട്ടുള്ളത്.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് എക്സ്പോ 2020 ദുബായ്. ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ എക്സ്പോ 2020-യിൽ 192 രാജ്യങ്ങൾ പങ്കെടുക്കുന്നു. പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും അവരവരുടേതായ പ്രത്യേക പവലിയൻ ഉണ്ട്.

Prepared with inputs from WAM & Dubai Media Office.